കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക സൂപ്പര്‍ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിലെത്തിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ ഉയര്‍ന്ന വംശീയ അധിക്ഷേപത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നല്‍കി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.

ഞായറാഴ്ച കൊല്‍ക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു ഇന്ത്യയുടെ വിജയശില്‍പിയായതിന് പിന്നാലെയാണ് എക്സില്‍ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സഞ്ജുവിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘കറുത്ത ശക്തികൾക്കെ കറുത്ത ശക്തികളെ തോൽപ്പിക്കാൻ കഴിയു, നന്നായി കളിച്ചു സഞ്ജു സാംസൺ’ എന്നായിരുന്നു വിൻഡീസ് താരങ്ങളെയും സഞ്ജുവിനെയും ഒരേപോലെ ലക്ഷ്യം വെച്ചുള്ള ഈ വംശീയ പരാമർശം.

എക്സിലിട്ട പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സഞ്ജുവിന്റെ നിറത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഈ പോസ്റ്റിനെതിരെ ആരാധകർ രംഗത്തെത്തി. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് എക്സിലൂടെയാണ് അവർ പ്രതിഷേധം അറിയിച്ചത്.