സിനിമാ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്രാ തോമസ് നിയമ നടപടിക്ക്. നടപടി റദ്ദാക്കണമെന്നും തിരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നൽകും. നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി. 

മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ആൻ്റോ ജോസഫ് അടക്കം പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.

ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും പുറത്താക്കപ്പെട്ട ശേഷം സാന്ദ്ര പറഞ്ഞിരുന്നു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തിരുന്നു.