കാസർഗോഡ്: പടന്നക്കാട് നെഹ്‌റു കോളേജിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്. സംഭവം യുഡിഎഫ് ഒരുക്കിയ ‘ട്രാപ്പ്’ ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സ്ക്രീൻഷോട്ടുകൾ പുറത്തുവന്നു. ‘ടീം യുഡിഎഫ് തൃക്കരിപ്പൂർ’ എന്ന ഗ്രൂപ്പിലെ സംഭാഷണങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
“അവർ ശരിക്കും നമ്മുടെ ട്രാപ്പിൽ വീണപോലെ ആയി” എന്നും “നല്ലൊരു പ്രചാരണ ആയുധമായി മാറി” എന്നുമാണ് ഗ്രൂപ്പിലെ സന്ദേശങ്ങൾ. അബ്ദുൽ ഖാദർ എന്ന പേരുള്ള നമ്പറിൽ നിന്നാണ് ഈ മെസേജുകൾ വന്നിരിക്കുന്നത്. ജയിക്കാൻ കുറച്ചുകൂടി എളുപ്പമാക്കി തന്നതിന് എസ്എഫ്‌ഐക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഗ്രൂപ്പിലെ ചർച്ചകളിൽ പറയുന്നുണ്ട്.
നെഹ്‌റു കോളേജ് ക്യാമ്പസിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവെന്നായിരുന്നു പരാതി. സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന മീഡിയ ടീമിനെ കൈയേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സന്ദീപ് വാര്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.



