ഈ മെയില്‍ വഴി ഡേറ്റിങ്ങിന് ക്ഷണിക്കുന്നയാളെ തുറന്നു കാട്ടി നടി സന അല്‍ത്താഫ്. നിരന്തരമായി തനിക്ക് മെയില്‍ അയച്ചു കൊണ്ടിരിക്കുന്ന എന്‍ ബാലാജി എന്നയാളെയാണ് സന തുറന്നു കാണിച്ചിരിക്കുന്നത്. ഇയാള്‍ തനിക്ക് അയച്ച മെയിലുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കിടുകയായിരുന്നു സന. ഡേറ്റിങ്ങിന് താല്‍പര്യമുണ്ടെന്നും എത്രയാണ് പ്രതിഫലമെന്നുമാണ് ഇയാള്‍ ചോദിക്കുന്നത്.

‘വൗ എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍’ എന്നു പറഞ്ഞാണ് സന സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. താന്‍ ചെന്നൈ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ആണെന്നാണ് ബാലാജി സ്വയം പരിചയപ്പെടുത്തുന്നത്. ഇന്ത്യയില്‍ എവിടെയും, മാലി ദ്വീപ്, ദുബൈ തുടങ്ങിയ സ്ഥലങ്ങളും ബാലാജി ഡേറ്റിങ്ങിന് പറ്റിയ ഇടങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘ഹായ് ഡിയര്‍ സന. സുഖമാണോ? ഇത് ബാലാജിയാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്മാനും ഇന്‍ഡസ്ട്രിയലിസ്റ്റുമാണ്. നിങ്ങള്‍ക്കൊപ്പം ഒരു ഡേറ്റിന് താല്‍പര്യമുണ്ട്. ദയവായി സാധ്യമാകുമോ എന്നറിയിക്കണം. ചാര്‍ജും. അതനുസരിച്ച് എനിക്ക് പരിപാടി പ്ലാന്‍ ചെയ്യാനാകും. ഇന്ത്യയിലെ ഏത് ഭാഗത്തും, അല്ലെങ്കില്‍ മാലി ദ്വീപിലും ദുബായിലും സാധ്യമാണ്. ദയവ് ചെയ്ത് മറുപടി നല്‍കുക.

സ്‌നേഹാശംസകളോടെ,

ബാലാജി’

എന്നായിരുന്നു ഇയാളുടെ മെയില്‍. സെപ്തംബറിലും ഡിസംബറിലുമായി മൂന്ന് തവണയാണ് ഇയാള്‍ സനയ്ക്ക് മെയില്‍ അയച്ചിരിക്കുന്നത്. എല്ലാ തവണയും ഒരുപോലെയുള്ള മെയിലുകളാണ് ഇയാള്‍ അയച്ചിരിക്കുന്നത്.

വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫ് സിനിമയിലെത്തുന്നത്. പിന്നീട് മറിയം മുക്കില്‍ ഫഹദ് ഫാസിലിന്റെ നായികയായി. ഒടിയന്‍, ബഷീറിന്റെ പ്രേമലേഖനം, റാണി പദ്മിനി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. ഡാന്‍സ് വിഡിയോകള്‍ വൈറലാകാറുണ്ട്. നടന്‍ ഹക്കീം ഷാജഹാനാണ് ഭര്‍ത്താവ്. ഇരുവരുടേയും വിവാഹത്തിന്റെ വിഡിയോ വൈറലായിരുന്നു.