പാ​റ്റ്ന: ബി​ഹാ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക മാ​റ്റം കു​റി​ച്ചു​കൊ​ണ്ട് ബി​ജെ​പി നേ​താ​വ് സാ​മ്രാ​ട്ട് ചൗ​ധ​രി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ബി​ജെ​പി​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. ദീ​ർ​ഘ​കാ​ലം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന നി​തീ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​സ്ഥാ​ന​മാ​റ്റം.

രാ​വി​ലെ 11 മ​ണി​ക്ക് രാ​ജ്ഭ​വ​നി​ൽ വെ​ച്ചാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ഗ​വ​ർ​ണ​ർ സ​യ്യി​ദ് അ​താ ഹ​സ്നൈ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തേ​ക്കും. ജെ​ഡി​യു​വി​ൽ നി​ന്നു​ള്ള ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രും പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 14-നാ​ണ് നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച​ത്. ഇ​തോ​ടെ ര​ണ്ട് പ​തി​റ്റാ​ണ്ട് നീ​ണ്ടു​നി​ന്ന നി​തീ​ഷ് യു​ഗ​ത്തി​ന് ബി​ഹാ​റി​ൽ വി​രാ​മ​മാ​യി. പാ​റ്റ്ന​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ സാ​മ്രാ​ട്ട് ചൗ​ധ​രി​യെ ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ബി​ഹാ​റി​ലെ ബി​ജെ​പി​യു​ടെ ശ​ക്ത​നാ​യ ഒ​ബി​സി മു​ഖ​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി, നേ​ര​ത്തെ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ബി​ഹാ​റി​ൽ ഇ​തു​വ​രെ ജെ​ഡി​യു​വി​നൊ​പ്പ​മോ ആ​ർ​ജെ​ഡി​ക്കൊ​പ്പ​മോ സ​ഖ്യ​ക​ക്ഷി​യാ​യി മാ​ത്രം ഭ​രി​ച്ചി​രു​ന്ന ബി​ജെ​പി, ആ​ദ്യ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്.

2025ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 89 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് ഈ ​നീ​ക്കം രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ നേ​ട്ട​മാ​ണ്.