ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ ഏക മുസ്ലിം വനിതാ അംഗമായ സമീറ മുൻഷി രാജിവെച്ചു. ഇറാനെതിരായ യുദ്ധത്തിലും ഇസ്രായേൽ അനുകൂല നയങ്ങളിലും പ്രതിഷേധിച്ചാണ് ഈ തീരുമാനം. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾ നിയമവിരുദ്ധമാണെന്ന് സമീറ ആരോപിച്ചു. ഇസ്രായേൽ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ കമ്മീഷൻ അംഗമായ കാരി പ്രെജീൻ ബോളറെ പുറത്താക്കിയതിൽ അവർ പ്രതിഷേധം അറിയിച്ചു.
പലസ്തീൻ വിഷയത്തിൽ അനുകൂലമായി സംസാരിച്ചതിനെത്തുടർന്ന് കമ്മീഷനിൽ താൻ ഒറ്റപ്പെട്ടതായും ഔദ്യോഗിക വിവരങ്ങൾ തനിക്ക് കൈമാറുന്നത് നിർത്തലാക്കിയതായും അവർ വെളിപ്പെടുത്തി. ‘ഈ ഭരണകൂടത്തിന്റെ അനീതികൾക്ക് കൂട്ടുനിൽക്കാൻ എനിക്കാവില്ല. ഗൂഢാലോചനകൾക്കും നിയമവിരുദ്ധമായ കൊലപാതകങ്ങൾക്കും എന്റെ നികുതിപ്പണം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.’
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിനിടയാക്കിയ സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെയാണ് സമീറയുടെ ഈ നിർണ്ണായക നീക്കം. ട്രംപ് ഭരണകൂടം ഭരണഘടനയെയും മതസ്വാതന്ത്ര്യത്തെയും അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.



