മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമസ്ത കാന്തപുരം വിഭാഗത്തിന്റെ പിന്തുണ കെ സി വേണുഗോപാലിന്. കെ സി വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് സമസ്ത കാന്തപുരം വിഭാഗം ഹൈക്കമാന്റിന് കത്തയച്ചു. മുഖ്യമന്ത്രിയായി കെ.സി വേണുഗോപാല്‍ വരുന്നതില്‍ തെറ്റില്ലെന്ന് കാന്തപുരത്തിന്റെ മകന്‍ അബ്ദുള്‍ ഹക്കീം അസ്ഹരി പ്രതികരിച്ചു. കെ.സി വേണുഗോപാല്‍ ദേശീയതലത്തില്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാവ് എന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടെ കെ സി വേണുഗോപാലിന്റെ നേതൃപാടവം കണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത കാന്തപുരം വിഭാഗം പിന്തുണ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരാകണമെന്ന് ഒന്നുകില്‍ മൂന്ന് നേതാക്കളും കൂടിയാലോചിച്ച് തീരുമാനിക്കട്ടെയെന്നും അല്ലെങ്കില്‍ ആരാകണമെന്ന് ഹൈക്കമാന്‍ഡ് പറയട്ടേയെന്നും കാന്തപുരത്തിന്റെ മകന്‍ അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെക്കൂടാതെ വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരാണ് അവകാശവാദം ഉന്നയിക്കുന്നത്. നിലവില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എം.എല്‍.എമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ താല്‍പ്പര്യവും അറിയിച്ച എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ നേതാക്കള്‍ക്കായി പ്രവര്‍ത്തകര്‍ തെരുവില്‍ ചേരിതിരിഞ്ഞ് പ്രകടനങ്ങളും നടത്തിവരികയാണ്. ഇതില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായാണ് വിവരം. വി ഡി സതീശന്‍, രമേശ് ചെന്നിത്തല സണ്ണി ജോസഫ് എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി.ദീപ ദാസ് മുന്‍ഷി ഡല്‍ഹിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ചാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ശേഷമാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈക്കമാന്‍ഡ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.



