സംവിധായകൻ എ.ആർ. മുരുഗദോസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ സൽമാൻ ഖാൻ. ‘ബിഗ് ബോസ് 19’-ൻ്റെ ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിനിടെ, അഭിനയിച്ചതിൽ ഖേദിക്കുന്ന സിനിമകളെക്കുറിച്ച് കൊമേഡിയൻ രവി ഗുപ്തയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സൽമാൻ ഖാൻ. ‘സിക്കന്ദർ’ എന്ന സിനിമയുടെ സെറ്റിൽ സൽമാൻ എത്തിയത് രാത്രി വൈകിയാണെന്നായിരുന്നു സംവിധായകൻ എ.ആർ. മുരുഗദോസിൻ്റെ ആരോപണം.
പുതിയ സിനിമകളിലൊന്നും തനിക്ക് ഖേദമില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു. സിക്കന്ദർ എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ തനിക്ക് ഖേദമുണ്ടെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും താനത് വിശ്വസിക്കുന്നില്ല. കാരണം ആ ചിത്രത്തിന്റെ കഥ നല്ലതായിരുന്നു. സ്ഥിരം രാത്രി ഒൻപത് മണിക്കാണ് സെറ്റിലെത്തിയിരുന്നത്. അത് ചില പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ആ സമയത്ത് വാരിയെല്ല് ഒടിഞ്ഞിരിക്കുകയായിരുന്നു. ഇക്കാര്യമാണ് മുരുഗദോസ് പറഞ്ഞതെന്നും സൽമാൻ ചൂണ്ടിക്കാട്ടി.
അടുത്തിടെ മുരുഗദോസ് സംവിധാനം ചെയ്ത ശിവ കാർത്തികേയൻ നായകനായ മദ്രാസി എന്ന ചിത്രം പരാജയപ്പെട്ടതിനെ സൽമാൻ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. “തുടക്കത്തിൽ ‘സിക്കന്ദർ’ മുരുഗദോസിൻ്റേതും സാജിദ് നദിയാവാലയുടേതുമായിരുന്നു, എന്നാൽ പിന്നീട് സാജിദ് രക്ഷപ്പെട്ടു. അതിനുശേഷം, മുരുഗദോസ് സ്വന്തം നാട്ടിൽ പോയി മദ്രാസി എന്നൊരു സിനിമ ചെയ്തു. അതിലെ നടൻ 6 മണിക്ക് സെറ്റിൽ എത്തുമായിരുന്നു. അതൊരു വലിയ സിനിമയാണ്. സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ക് ബസ്റ്റർ.” താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
സൽമാനെക്കുറിച്ച് മുരുഗദോസ് പറഞ്ഞതിങ്ങനെയായിരുന്നു. “ഒരു താരത്തിനൊപ്പം ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ല. പകൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ പോലും രാത്രിയിൽ ഷൂട്ട് ചെയ്യേണ്ടി വരും, കാരണം അദ്ദേഹം രാത്രി 8 മണിക്ക് മാത്രമേ സെറ്റിൽ എത്തുകയുള്ളൂ. ഞങ്ങൾ അതിരാവിലെ മുതൽ ഷൂട്ട് ചെയ്യാൻ ശീലിച്ചവരാണ്. എന്നാൽ അവിടെ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്. ഒരു രംഗത്തിൽ നാല് കുട്ടികളുണ്ടെങ്കിൽ, പുലർച്ചെ 2 മണിക്ക് അവരെ വെച്ച് ഷൂട്ട് ചെയ്യേണ്ടി വരും, അത് അവർ സ്കൂളിൽ നിന്ന് മടങ്ങിവരുന്ന രംഗമാണെങ്കിൽ പോലും! ആ സമയമാകുമ്പോഴേക്കും അവർ ക്ഷീണിച്ച് ഉറങ്ങിപ്പോകുമായിരുന്നു.”
രശ്മിക മന്ദാന, സത്യരാജ്, ശർമൻ ജോഷി, കാജൽ അഗർവാൾ, പ്രതീക് ബബ്ബർ, ജതിൻ സർണ, സഞ്ജയ് കപൂർ തുടങ്ങിയവരാണ് സിക്കന്ദറിൽ മറ്റുവേഷങ്ങളിലെത്തിയത്. ചിത്രം 2025 മാർച്ച് 30-നാണ് റിലീസ് ചെയ്തത്.
അപൂർവ ലഖിയ സംവിധാനംചെയ്യുന്ന ‘ബാറ്റിൽ ഓഫ് ഗാൽവൻ’ എന്ന ചിത്രത്തിലാണ് സൽമാൻ അടുത്തതായി അഭിനയിക്കുന്നത്. 2020-ൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ നിർണായക പങ്കുവഹിച്ച കേണൽ ബി. സന്തോഷ് ബാബുവിൻ്റെ വേഷമാണ് നടൻ അവതരിപ്പിക്കുന്നത്. ചിത്രം 2026-ൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.



