മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സൈയാരാ’ എന്ന കൊച്ചു പടമാണിപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്ന് മാത്രമായി ചിത്രം 300 കോടിയ്ക്ക് അടുത്ത് കളക്ഷൻ നേടിയിട്ടുണ്ട്.
ചിത്രം നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 217.25 കോടിയാണ്. ഗ്രോസ് 228.9 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 52.85 കോടിയുമാണ്. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയിട്ടുള്ളത് 281.75 കോടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിലീസിന്‍റെ രണ്ടാം ശനിയാഴ്ച ആയിരുന്ന ഇന്നലെ 26 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഞായറാഴ്ചയായ ഇന്നും സമാന രീതിയില്‍ കളക്റ്റ് ചെയ്യുമെന്ന് ഉറപ്പാണ്. അതായത് ചിത്രം ഇന്നത്തോടെ 300 കോടി ക്ലബ്ബിലേക്ക് കയറും.
ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 300 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്‍ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് മാത്രം 693 കോടി നേടിയിരുന്നു ഛാവ. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ടോപ്പ് കളക്ഷന്‍ ചിത്രങ്ങളിലൊന്നായ എമ്പുരാനെ ഇതിനകം മറികടന്നിട്ടുണ്ട് സൈയാര. 265 കോടിയോളമായിരുന്നു എമ്പുരാന്‍റെ ആഗോള കളക്ഷന്‍.