ന്യൂഡൽഹി: ഒൻപതംഗ ഭരണഘടന ബെഞ്ച് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു
ആചാരങ്ങളിൽ കോടതി ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വാദം നിർണായകമാണ്. ഒപ്പം ലിംഗസമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ചർച്ചയാകും.
നിലവിൽ യുവതീ പ്രവേശനത്തെ അനൂകുലിക്കാതെയോ എതിർക്കാതെയോ ആണ് സംസ്ഥാനം വാദങ്ങൾ എഴുതി നൽകിയത്. ഇന്നലെ വാദത്തിനിടെ പ്രധാനപ്പെട്ട ചില നീരീക്ഷണങ്ങൾ കോടതി നടത്തിയിരുന്നു. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട്. പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പറഞ്ഞു. വിശ്വാസികൾ ആചാരങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന വാദത്തിനിടെ ആവർത്തിച്ചു.



