ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. വിശാല ബെഞ്ചിലെ വാദം പൂർത്തിയായി. കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഈ മാസം 29നകം രേഖാമൂലം സമർപ്പിക്കാം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് 16 ദിവസത്തെ വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്.
സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കാനോ അതിലേക്ക് കടന്നുകയറാനോ സാധിക്കില്ലെന്ന് സ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞിരുന്നു. ഓരോ മതസ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ചിട്ടവട്ടങ്ങളുണ്ടായിരിക്കണമെന്നും ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം അനുവദിക്കാനാവില്ലെന്നും വാദത്തിനിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
2018 സെപ്റ്റംബറിലാണ് അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് 4:1 ഭൂരിപക്ഷ വിധിയിലൂടെ, 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഉത്തരവിട്ടത്. മതപരമായ ആചാരം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി വിധിച്ചു. 2019 നവംബർ 14ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നയിച്ച അഞ്ച് ജഡ്ജിമാരുടെ ബെഞ്ച്, വിവിധ ആരാധനാലയങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വിവേചനം സംബന്ധിച്ച കേസ് 3:2 ഭൂരിപക്ഷത്തോടെ വിശാല ബെഞ്ചിന് വിടുകയായിരുന്നു.



