ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർക്കെതിരെ പമ്പ പോലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറി വീഡിയോ ചിത്രീകരിച്ചതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ വിവാദ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 

ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ സംഭവത്തിൽ പമ്പ പോലീസിനോടും വനംവകുപ്പിനോടും അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ശബരിമലയിൽ നിന്നുള്ള വീഡിയോകൾ പതിവായി ചിത്രീകരിക്കാറുള്ള വ്യക്തിയാണ് ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തതെന്നാണ് വിവരം. ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടിൽ ഏപ്രിൽ 24-നാണ് പത്തു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ശബരിമല നട അടച്ചു കഴിഞ്ഞാൽ അധികൃതർക്കല്ലാതെ മുകളിലേക്ക് പോകാൻ ആർക്കും അനുവാദമില്ലെന്നിരിക്കെ, സുരക്ഷാ പരിശോധനകൾ വെട്ടിച്ച് ഇയാൾ എങ്ങനെ സന്നിധാനത്തേക്ക് എത്തിയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. 

പോലീസ് ചെക്കിംഗ് പോയിൻ്റുകൾ കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ വഴിയാണ് ഇയാൾ പതിനെട്ടാംപടിക്ക് താഴെ എത്തിയത്. ഇവിടങ്ങളിലെല്ലാം സുരക്ഷാ ജീവനക്കാർ ഉണ്ടായിരിക്കെ ഇയാൾ എങ്ങനെ കടന്നുപോയി എന്നത് ദുരൂഹതയുണർത്തുന്നു. ആളൊഴിഞ്ഞ പതിനെട്ടാംപടിയും അതിന് മുകളിലെ കൊടിമരത്തിൻ്റെ ഭാഗങ്ങളും കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. ദൃശ്യങ്ങൾ ചിത്രീകരിച്ച യൂട്യൂബറെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കി. നിരോധന മേഖലകളിൽ ഇത്തരം ചിത്രീകരണങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു.