തിരുവനന്തപുരം: ശബരിമല സ്വർണപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യാതൊരുവിധ സ്ഥിര വരുമാനവുമില്ലാത്ത പോറ്റിക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചതെന്നാണ് എസ്ഐടി അന്വേഷിക്കുന്നത്. ദേവസ്വം വിജിലൻസ് റിപ്പോർട്ടിലും പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. പോറ്റിയുടെ സാമ്പത്തിക ഇടപ്പാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ദേവസ്വം വിജിലൻസ് എസ്.പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
പോറ്റിയുടെ സാമ്പത്തിക ഇടപ്പാടുകളിൽ അന്വേഷണ സംഘത്തിന് സംശയമുണ്ടെന്നാണ് വിവരം. 2025ൽ മാത്രം പോറ്റിയുടെ അക്കൗണ്ടിലേക്ക് കാമാക്ഷി എന്റർപ്രൈസസ് എന്ന കമ്പനിയിൽ നിന്ന് 10 ലക്ഷം രൂപയെത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നു എന്നുള്ള കാര്യം വ്യക്തമല്ല. സ്ഥിരവരുമാനമില്ലാത്ത പോറ്റിക്ക് എങ്ങനെയാണ് ഇത്തരത്തിൽ വലിയ തുകകൾ അക്കൗണ്ടിലേക്കെത്തുന്നതെന്നതാണ് പരിശോധിക്കുന്നത്.
പോറ്റിക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന സംശയത്തിന് ശക്തി പകരുന്നത് ഈ സാമ്പത്തിക ഇടപാടുകളാണ്. ഈ വിഷയങ്ങളിലേക്കെല്ലാം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എസ്.ഐ.ടി. പോറ്റിയുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് വിവരം.
പോറ്റിയുടെ യാത്രാവിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. വിജിലൻസ് റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഫോൺ രേഖകളും സംഘം പരിശോധിക്കും. പോറ്റിയുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധത്തിന്റെ ആഴം മനസിലാക്കുന്നതിനുകൂടിയാണ് പരിശോധന.