കോട്ടയം: ശബരിമല മണ്ഡലം – മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം, സഹകരണ, തുറമുഖ വകുപ്പു മന്ത്രി വിഎൻ വാസവൻ. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനമൊരുക്കും. ഇത്തവണ ശബരമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.

1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്‌നേക്ക് ക്യാച്ചേഴ്‌സിന്റെ അടക്കം സേവനം ലഭ്യമാണ്. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജലഅതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷൻ വകുപ്പ് സുരക്ഷാവേലികൾ നിർമിക്കും. വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവടങ്ങളിൽ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും. പാമ്പുകടി ഏൽക്കുന്നവർക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോവോട്ടീസ് ഓഫ് ഡോക്ടേഴ്സ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും.

മോട്ടോർ വാഹനവകുപ്പ് സേഫ് സോൺ പദ്ധതി വിപുലമാക്കും. 20 സ്‌ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കൺട്രോൾ റൂമുകൾ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങൾ കേടായാൽ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും. ജല അതോറിട്ടിയുടെ ഗുണനിലവാര പരിശോധന ലാബിലൂടെ പമ്പയിൽ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. തേനി – പമ്പ സെക്ടറിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.