റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിമർശനങ്ങൾക്ക് കനത്ത മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
ഫിൻലൻഡിൽ നടന്ന കുൽതരാന്ത ടോക്‌സിൽ (Kultaranta Talks) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇതുവരെ യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ യൂറോപ്പ് കയറ്റുമതി ചെയ്യുന്ന ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.2022-ൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ സമയത്ത്, ആഗോള എണ്ണ വിപണിയിൽ വില നിയന്ത്രിക്കാനായി റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക തന്നെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലും മന്ത്രി നടത്തി.
ആഗോള ഊർജ വിപണിയിൽ വലിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരണമെന്ന് വാഷിംഗ്ടൺ നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ പാശ്ചാത്യ രാജ്യങ്ങൾ വിമർശിക്കുന്നതിനിടയിലാണ്, വിപണിയിലെ സന്തുലിതാവസ്ഥ നിലനിർത്താൻ അമേരിക്ക തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു എന്ന വസ്തുത മന്ത്രി തുറന്നുപറഞ്ഞത്. റഷ്യൻ എണ്ണ വാങ്ങാൻ ആവശ്യപ്പെടുകയും പിന്നീട് താരിഫുകൾ ഏർപ്പെടുത്തുകയും ശേഷം അവ പിൻവലിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിലെ പൊരുത്തക്കേടുകളെ അദ്ദേഹം ചോദ്യം ചെയ്തു.



