മോസ്കോ: അമേരിക്കൻ ആണവ അന്തർവാഹിനികൾ ‘അനുയോജ്യമായ’ മേഖലകളിലേക്ക്’ വിന്യസിക്കുമെന്ന ട്രംപിന്റെ പരാമർശത്തോട് പ്രതികരിച്ച് റഷ്യ. അമേരിക്കൻ അന്തർവാഹിനികളെ നേരിടാൻ ആവശ്യമായ റഷ്യൻ ആണവ അന്തർവാഹിനികൾ ആഴക്കടലിലുണ്ടെന്നാണ് റഷ്യൻ പാർലമെന്റിലെ മുതിർന്ന നേതാവായ വിക്ടർ വൊഡോലാറ്റ്സ്കി പ്രതികരിച്ചത്.

ട്രംപ് പറഞ്ഞ അന്തർവാഹിനികൾ പണ്ടേ റഷ്യയുടെ നിരീക്ഷണത്തിൽ ഉള്ളവയാണെന്നും അതുകൊണ്ടുതന്നെ അവ റഷ്യയെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

‘ലോക സമുദ്രങ്ങളിലെ റഷ്യൻ ആണവ അന്തർവാഹിനികളുടെ എണ്ണം അമേരിക്കയുടേതിനേക്കാൾ വളരെ കൂടുതലാണ്. മാത്രമല്ല, അനുയോജ്യമായ മേഖലകളിലേക്ക് മാറ്റാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട അന്തർവാഹിനികൾ പണ്ടേ ഞങ്ങളുടെ നിരീക്ഷണത്തിൽ ഉള്ളവയാണ്. അതുകൊണ്ട് അന്തർവാഹിനികളെക്കുറിച്ചുള്ള അമേരിക്കൻ നേതാവിന്റെ പ്രസ്താവനയ്ക്ക് റഷ്യ മറുപടി നൽകേണ്ട ആവശ്യമില്ല,’ വൊഡോലാറ്റ്സ്കി പറഞ്ഞു.

റഷ്യയുടെ മുൻ പ്രസിഡന്റും റഷ്യൻ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്വദേവിന്റെ ‘അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകളെ’ തുടർന്നാണ് അമേരിക്കൻ അന്തർവാഹിനികളെ ‘അനുയോജ്യമായ മേഖലകളിലേക്ക്’ പുനർവിന്യസിക്കാൻ താൻ ഉത്തരവിട്ടതെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. 

‘രണ്ട് യുഎസ് അന്തർവാഹിനികളും സഞ്ചരിക്കട്ടെ, അവ കുറേക്കാലമായി ഞങ്ങളുടെ നിരീക്ഷണത്തിലാണ്.’ വൊഡോലാറ്റ്സ്കി പറഞ്ഞു. ‘ലോകം ശാന്തമാകാനും മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ചർച്ചകൾ നിർത്താനും റഷ്യയും അമേരിക്കയും തമ്മിൽ ഒരു അടിസ്ഥാനപരമായ കരാർ ഉണ്ടാകണം.’ അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയും യുഎസും തമ്മിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടാകരുതെന്ന യുഎസ് ഭരണകൂടത്തിന്റെ നിലപാടിനോട് റഷ്യ യോജിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നേരത്തെ പറഞ്ഞിരുന്നു.

യുക്രെയിനിനെ നാറ്റോയിൽ ഉൾപ്പെടുത്താൻ വെപ്രാളത്തോടെ ശ്രമിക്കുകയും റഷ്യയുമായി ഒരു സംഘർഷത്തിന് തയ്യാറെടുക്കുകയും ചെയ്യുമ്പോൾ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്തിടെ ഉത്തരവാദിത്തപരമായ നിലപാട് ആവർത്തിച്ചു, അമേരിക്കയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. ഈ നിലപാടിനോട് ഞങ്ങൾ പൂർണ്ണമായും യോജിക്കുന്നു. ക്രിയാത്മകമായ റഷ്യൻ-അമേരിക്കൻ സംഭാഷണത്തിലൂടെയാണ് ഇത്തരമൊരു ധാരണ സാധ്യമായത്.’ ലാവ്റോവ് പറഞ്ഞു.