ന്യൂഡൽഹി: ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ തോത് ഓഗസ്റ്റിൽ കുത്തനെ ഉയർന്നു. ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇറക്കുമതി ചെയ്ത പ്രതിദിനം ഏകദേശം 52 ലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ 38 ശതമാനത്തോളം റഷ്യയിൽ നിന്നായിരുന്നുവെന്ന് ഗ്ലോബൽ റിയൽ ടൈം ഡാറ്റ അനലിറ്റിക്സ് പ്രൊവൈഡറായ കെപ്ലർ പറയുന്നു. ജൂലായിൽ പ്രതിദിനം 16 ലക്ഷം ബാരലായിരുന്നു ഇന്ത്യൻ കമ്പനികൾ വാങ്ങിയിരുന്നതെങ്കിൽ ഓഗസ്റ്റിൽ 20 ലക്ഷം ബാരലായി ഉയർന്നു.

റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിലുണ്ടായ ഈ വർദ്ധനവ് ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്നത് കുറയാനും ഇടയാക്കി. ഇറാഖിൽ നിന്നുള്ള ഇറക്കുമതി ജൂലായിലെ 9,07,000 ബാരലിൽ നിന്ന് ഓഗസ്റ്റിൽ 7,30,000 ബാരലായും സൗദി അറേബ്യയിൽ നിന്നുള്ളത് കഴിഞ്ഞ മാസത്തെ 7,00,000 ബാരലിൽ നിന്ന് 5,26,000 ബാരലായും കുറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഇറക്കുമതിയിലെ ഈ വർധനവ് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാൽ ട്രംപിന്റെ പ്രഖ്യാപനവും ഇന്ത്യയുടെ നയത്തിന്റെയും ഭാഗമായല്ല ഈ വർധനവെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു.

നയപരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ, ജൂണിലും ജൂലായ് ആദ്യത്തിലും ഓഗസ്റ്റിലെ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. താരിഫുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിഫലനം സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ വരെയുള്ള ചരക്കുകളുടെ വരവോടെ മാത്രമേ ദൃശ്യമാകൂവെന്ന് കെപ്ലറിലെ ലീഡ് റിസർച്ച് അനലിസ്റ്റ് സുമതി റിതോലിയ പറഞ്ഞു.