ഉക്രൈന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണം നടത്തി റഷ്യ. ഇതോടെ തലസ്ഥാന നഗരമായ കീവിലെ ജല-ഊർജവിതരണങ്ങൾ വിച്ഛേദിക്കപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയോടെ റഷ്യൻ വ്യോമസേന വമ്പിച്ച ആക്രമണം നടത്തിയതായി ഉക്രൈൻ അറിയിക്കുകയായിരുന്നു.
ആക്രമണത്തിൽ നഗരത്തിലെ വിവിധ ജില്ലകളിൽ വൈദ്യുതി തടസ്സപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “രാജ്യത്തിന്റെ തലസ്ഥാനം ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും വൻ ആക്രമണത്തിനു വിധേയമാണ്” – യുക്രേനിയൻ വ്യോമസേന പറഞ്ഞു. അതേസമയം കീവിലെ ആളുകളോട് അഭയകേന്ദ്രങ്ങളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രൈന്റെ നിർണ്ണായകമായ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഒൻപതു പേർക്ക് പരിക്കേറ്റതായും അവരിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. “തലസ്ഥാനത്തിന്റെ ഇടതുകരയിൽ വൈദ്യുതിയില്ല. ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്” – ക്ലിറ്റ്ഷ്കോ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു.