റഷ്യയില്‍ തൊഴില്‍ തേടിപ്പോയി ഉക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട പത്ത് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യന്‍ സേനയുടെ ഭാഗമായി യുദ്ധം ചെയ്തവരാണ് ഇവര്‍. ഇതില്‍ ഭൂരിഭാഗം പേരും സ്വന്തം താല്‍പര്യപ്രകാരം കരാറുകളില്‍ ഏര്‍പ്പെട്ടതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച ശേഷം നിര്‍ബന്ധപൂര്‍വ്വം യുദ്ധത്തിന് നിയോഗിക്കപ്പെട്ട 26 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേട്ടത്. ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന 26 പേരില്‍ 10 പേര്‍ നിര്‍ഭാഗ്യവശാല്‍ കൊല്ലപ്പെട്ടു. ഒരാള്‍ ക്രിമിനല്‍ കേസില്‍ ജയിലിലും മറ്റൊരാള്‍ സ്വന്തം താല്‍പര്യപ്രകാരം റഷ്യയില്‍ തുടരുകയുമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം തീവ്രശ്രമം നടത്തുകയാണ്. എന്നാല്‍ ചില കുടുംബങ്ങള്‍ സഹകരിക്കുന്നില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ആരോപിച്ചു.