രാഘവ് ഛദ്ദയ്ക്ക് ഓഫർ കിട്ടിയത് കേന്ദ്ര മന്ത്രിസ്ഥാനം ആണെന്ന് എ എ പി വൃത്തങ്ങൾ പ്രതികരിച്ചു. ഓപ്പറേഷൻ ലോട്ടസ് ആണ് നടന്നതെന്നും ഇതുവഴി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും സഞ്ജയ് സിങ് പ്രതികരിച്ചു. പഞ്ചാബിലെ ജനങ്ങൾ ആ ഏഴു പേർക്കും മാപ്പ് നൽകില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് വിമർശിച്ചു. ഭയമോ പ്രലോഭനമോ കാരണമാണ് ഇവർ പാർട്ടി വിട്ടതെന്നും എഎപി നേതൃത്വം പ്രതികരിച്ചു.
രാജ്യസഭയിലെ എഎപി എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗവും കൂടുമാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഒഴിവാക്കി ബിജെപിയുമായി ലയിക്കാൻ കഴിയുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. ഇതുസംബന്ധിച്ച രേഖകൾ രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് കൈമാറിയിട്ടുണ്ട്. നിലവിൽ 10 എംപിമാരുള്ള എഎപിക്ക് ഇതോടെ പാർലമെന്‍റിലെ സ്വാധീനം വലിയ തോതിൽ കുറയും. രാഘവ് ഛദ്ദയെ അടുത്തിടെ രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം അശോക് മിത്തലിനെ നിയമിച്ചത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു.



