ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ പ്രമാണിച്ച് ഉക്രൈനുമായി താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. ഏപ്രിൽ 11 ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലുമണി മുതൽ ഈസ്റ്റർ ദിനമായ ഞായറാഴ്ച അർദ്ധരാത്രി വരെ എല്ലാ യുദ്ധമുഖങ്ങളിലും ആക്രമണം നിർത്തിവെക്കാൻ പുടിൻ സൈന്യത്തിന് ഉത്തരവ് നൽകി.

വെടിനിർത്തലിനായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യ ഈ ആവശ്യങ്ങൾ നിരസിച്ചിരുന്നെങ്കിലും ഇപ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾ നടന്നത്.

വിശുദ്ധ ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾക്ക് പള്ളികളിൽ പോകാനും പ്രാർഥനകൾ നടത്താനും അവസരമൊരുക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എല്ലാ യുദ്ധമുഖങ്ങളിലും ആക്രമണങ്ങൾ നിർത്തിവെക്കാൻ റഷ്യൻ സൈനിക മേധാവികൾക്ക് പുടിൻ നിർദ്ദേശം നൽകി. എന്നാൽ ഉക്രൈന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.