കരിങ്കടലിൽ റഷ്യൻ എണ്ണ ടാങ്കറുകൾക്ക് നേരെ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ യുക്രൈനെതിരെ കടുത്ത മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്ത്. യുക്രൈനുള്ള കടൽമാർഗ്ഗമുള്ള പ്രവേശനം പൂർണ്ണമായും തടയുമെന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുന്നത്. ​റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ എന്ന് വിളിക്കപ്പെടുന്ന എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് യുക്രൈൻ നാവിക ഡ്രോണുകൾ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് പുടിൻറെ പ്രസ്താവന.

“കടൽക്കൊള്ള തത്വത്തിൽ അസാധ്യമാക്കാൻ സാധിക്കുന്ന ഏറ്റവും കടുത്ത മാർഗ്ഗം യുക്രൈനെ കടലിൽ നിന്നകറ്റുക എന്നതാണ്,” ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ പുടിൻ പറഞ്ഞു. ​യുക്രൈൻറെ നടപടികൾക്കുള്ള പ്രതികരണമായി യുക്രൈൻറെ പ്രധാന കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ റഷ്യ ആക്രമണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുകൂടാതെ, യുക്രൈനെ സഹായിക്കുന്ന വിദേശ രാജ്യങ്ങളുടെ ടാങ്കറുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ എണ്ണ തുറമുഖമായ നോവോറോസിസ്‌കിൽ (Novorossiysk) പോലും യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. റഷ്യൻ എണ്ണ വിതരണത്തിന് ഇത് തടസ്സമുണ്ടാക്കി. അടുത്തിടെ തുർക്കി തീരത്ത് വെച്ച് റഷ്യൻ പതാകയുള്ള ഒരു ടാങ്കറിന് നേരെ ഡ്രോൺ ആക്രമണമുണ്ടായെങ്കിലും, ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുക്രൈൻ വ്യക്തമാക്കിയിട്ടുണ്ട്.

​പുടിൻറെ പുതിയ ഭീഷണി കരിങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് വിഘാതമാവുമെന്നും, യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറല്ലെന്നതിൻ്റെ വ്യക്തമായ സൂചനയാണിതെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചെങ്കിലും, ഒഡെസ ഉൾപ്പെടെയുള്ള പ്രധാന തുറമുഖങ്ങൾ ഇപ്പോഴും യുക്രൈൻ്റെ നിയന്ത്രണത്തിലാണ്.