അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായ റഷ്യയുടെ തീരുമാനത്തെ പ്രശംസിച്ച് ചൈന. അഫ്ഗാന്‍ ജനതയോട് സൗഹൃദപരമായ വിദേശ നയം പിന്തുടരുമെന്നും അവരെ ഒരിക്കലും മാറ്റിനിര്‍ത്തരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. 

പരമ്പരാഗതമായി ചൈനയുമായി സൗഹൃദം പുലര്‍ത്തുന്ന അയല്‍രാജ്യം എന്ന നിലയില്‍ അഫ്ഗാനെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് ചൈന എപ്പോഴും വിശ്വസിച്ചിരുന്നതെന്ന് മാവോ നിങ് പറഞ്ഞു. 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തിലേറിയ താലിബാന്‍ ഭരണകൂടം അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കായുള്ള ശ്രമങ്ങളിലായിരുന്നു. താലിബാന്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്ഥാനിലെ എംബസികള്‍ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ.  

2022 ല്‍ താലിബാന്‍ സര്‍ക്കാരുമായി റഷ്യ അന്താരാഷ്ട്ര സാമ്പത്തിക കരാറിലും ഒപ്പിട്ടിരുന്നു. ഇതിനുപിന്നാലെ 2025 ഏപ്രിലില്‍ താലിബാനെ തീവ്രവാദസംഘടനകളുടെ പട്ടികയില്‍നിന്ന് റഷ്യ നീക്കം ചെയ്യുകയുമുണ്ടായി.

പൂര്‍ണ്ണ നയതന്ത്ര അംഗീകാരം ലഭിക്കുന്നതിന് മുമ്പ് താലിബാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരമോ ബാഹ്യമോ ആയ സാഹചര്യം എങ്ങനെ മാറിയാലും, ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഒരിക്കലും തടസ്സപ്പെട്ടിട്ടില്ലെന്നും മാവോ നിംഗ് കൂട്ടിച്ചേര്‍ത്തു.