ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അധികാരത്തില്‍ കയറി മാസങ്ങള്‍ കഴിഞ്ഞിട്ടും പുടിന്‍ തന്ത്രപരമായി ട്രംപിനെ പൊട്ടന്‍ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സത്യം ഒടുവില്‍ ട്രംപും തിരിച്ചറിഞ്ഞിരിക്കുകയാണ്. പുടിനെതിരേ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

റഷ്യന്‍ പ്രസിഡന്റില്‍ തനിക്ക് നിരാശയുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഇപ്പോള്‍ പരസ്യമായി പറഞ്ഞിരിക്കുന്നത്. ‘പുടിന്‍ ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തി. അദ്ദേഹം നമ്മളോട് നന്നായി സംസാരിക്കും. എന്നിട്ട് വൈകിട്ട് ബോംബിടുകയും ചെയ്യുന്നു.’- ട്രംപ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ‘പുതിയ പാട്രിയറ്റ് സംവിധാനങ്ങളും മിസൈലുകളും സംബന്ധിച്ച മള്‍ട്ടി-ലെവല്‍ കരാറിലേക്ക് യുഎസും യുക്രെയിനും അടുത്തതായി വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞത് കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ റഷ്യയ്‌ക്കെതിരേ ട്രംപ് നീങ്ങുകയാണെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്.

റഷ്യക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് യുഎസ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയപ്പോള്‍, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താനുള്ള തന്റെ കഴിവില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും റഷ്യയ്‌ക്കെതിരേ ഉപരോധങ്ങള്‍ വര്‍ദ്ധിപ്പിക്കരുതെന്നായിരുന്നു ട്രംപിന്റെ തീരുമാനം.

ഇത്രയൊക്കെ പിന്തുണ നല്‍കിയിട്ടും അമേരിക്കയും യുക്രെയ്നും മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം റഷ്യ നിരന്തരം നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളില്‍, വ്ളാഡിമിര്‍ പുടിനോടുള്ള നിരാശ ട്രംപ് കൂടുതലായി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തമായ പ്രതിരോധ പാക്കേജിനായി കോണ്‍ഗ്രസില്‍ പിന്തുണ വര്‍ദ്ധിക്കുന്നതിനാല്‍, ഉപരോധങ്ങള്‍ ശക്തിപ്പെടുത്താന്‍ താന്‍ തയാറാണെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

”നാളെ നമ്മള്‍ എന്താണ് കാണുകയെന്ന് നാളെ കാണാം- എന്നായിരുന്നു റഷ്യയ്ക്കെതിരെ എന്തെങ്കിലും ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി. റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈവിലേക്ക് അയയ്ക്കുമെന്ന് ട്രംപ് സൂചന നല്‍കുകയും ചെയ്തു.

അതിനിടെ പുടിനെതിരേയും റഷ്യയ്‌ക്കെതിരേയും പ്രയോഗിക്കാന്‍ ട്രംപിന് അധികാരം നല്‍കുന്ന ബില്‍ പാസാക്കുന്നതിന് യുഎസ് സെനറ്റര്‍മാര്‍ തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉപരോധ ബില്‍ ട്രംപിന് ”പുടിന്റെ സമ്പദ്വ്യവസ്ഥയെയും പുടിന്‍ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളെയും നേരിടാനും” അനുവദിക്കുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ബ്രോഡ്കാസ്റ്റര്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു.

”റഷ്യയെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനും 500 ശതമാനം തീരുവ ചുമത്താനുള്ള കഴിവ് ഇത് പ്രസിഡന്റ് ട്രംപിന് നല്‍കും.” ചൈന, ഇന്ത്യ, ബ്രസീല്‍ പോലുള്ള റഷ്യന്‍ സാധനങ്ങള്‍ വാങ്ങുന്ന സമ്പദ്വ്യവസ്ഥകള്‍ അവയില്‍ ഉള്‍പ്പെടാമെന്ന് ഗ്രഹാം പറഞ്ഞു. അമേരിക്കന്‍ ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയും ട്രംപിന്റെ കണ്ണിലെ കരടാകുമെന്ന് ഉറപ്പാണ്. ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപിന് ലഭ്യമായ ഇരുമ്പു ദണ്ഡായി ബില്‍ മാറുമെന്നും ഗ്രാഹം ചൂണ്ടിക്കാട്ടുന്നു.