മെൽബൺ: ഓസീസിനെതിരായ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ ഇന്ത്യൻ ടീമിൽ നായകൻ രോഹിത് ശർമ കളിക്കുമോ എന്നതാണ് ഇന്ത്യൻ കായികപ്രേമികൾ ഉറ്റുനോക്കുന്നത്. ടീമിന്റെ തോൽവിയും ഫോമില്ലായ്മയും താരത്തിന് ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സിഡ്നി ടെസ്റ്റിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ പരിശീലകൻ ഗംഭീർ പോലും ഉറപ്പുപറയുന്നില്ല. എന്നാൽ രോഹിത്തിനെ സിഡ്നിയിൽ കളിപ്പിക്കണമെന്ന ആവശ്യം ബി.സി.സി.ഐ തലപ്പത്തെ ഒരു പ്രമുഖൻ മുന്നോട്ടുവെച്ചതായും ഇത് ഗംഭീർ തള്ളിയെന്നുമാണ് പുതിയ റിപ്പോർട്ട്.
രോഹിത്തിനെ കളിപ്പിക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐ തലപ്പത്തെ ഒരു പ്രമുഖ വ്യക്തി പരിശീലകനോട് സംസാരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സിഡ്നി ടെസ്റ്റിൽ താരത്തെ കളിപ്പിക്കണമെന്നും ടെസ്റ്റിൽ നിന്ന് അതോടെ രോഹിത്തിന് പടിയിറങ്ങാമെന്നും ഗംഭീറിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ സിഡ്നി ടെസ്റ്റ് മത്സരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് നിർണായകമാണെന്നതിനാൽ ഗംഭീർ ആവശ്യത്തോട് വഴങ്ങിയില്ലെന്നാണ് പി.ടി.ഐയുടെ റിപ്പോർട്ട്. സിഡ്നിയിൽ ഓസീസിനെ തോൽപ്പിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി നിർത്താൻ തീവ്രശ്രമത്തിലാണ് ഗംഭീറും സംഘവും.
നേരത്തേ സിഡ്നി ടെസ്റ്റിൽ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശർമ്മ സ്വയം ഒഴിവാകാനുള്ള സന്നദ്ധത പരിശീലകൻ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെയും അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കിൽ രോഹിത്തിന് പകരം ബുംറ നായകനാകും. വാർത്താസമ്മേളനത്തിൽ രോഹിത് സിഡ്നി ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ ഗംഭീർ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് പരിശീലകൻ മറുപടി നൽകിയത്. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സിഡ്നിയിൽ ജയിച്ച് ബോർഡർ ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗംഭീർ പറഞ്ഞു.



