ഇറാന്റെ അര്‍ദ്ധസൈനിക വിഭാഗമായ റവല്യൂഷനറി ഗാര്‍ഡിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ (ഇയു). അല്‍ഖായിദ, ഐഎസ്, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് റവല്യൂഷനറി ഗാര്‍ഡിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ റവല്യൂഷനറി ഗാര്‍ഡിനെ ഉപയോഗിച്ച് ഇറാനിയന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടപടി.

യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യ മന്ത്രിമാര്‍ ഐകകണ്‌ഠ്യേന  തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. സ്വന്തം ജനതയില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഏതൊരു ഭരണകൂടവും നാശത്തിലേക്കാണ് നീങ്ങുകയെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റും ഇയു വിദേശനയ വിഭാഗം അധ്യക്ഷയുമായ കായ കാലസ് അറിയിച്ചു. 

പ്രതിഷേധക്കാരെ അക്രമാസക്തമായി അടിച്ചമര്‍ത്തിയതിന്റെ പേരില്‍, റവല്യൂഷനറി ഗാര്‍ഡിലെ ഉന്നത കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 15 ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് 27 അംഗ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.