ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് കടുത്ത നിയന്ത്രണങ്ങളും ഡിജിറ്റൽ നികുതിയും ഏർപ്പെടുത്തി ഇറാൻ. യുഎസ്-ഇറാൻ വെടിനിർത്തൽ നിലനിൽക്കെയാണ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനും കപ്പലുകളിൽ നിന്ന് വൻതുക ട്രാൻസിറ്റ് ഫീസായി ഈടാക്കാനും ഇറാൻ തീരുമാനിച്ചത്. മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇനി ഏകദേശം 12 കപ്പലുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് വാൾസ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു.

ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കുന്നത്. എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം നികുതി നൽകണം. ഇതനുസരിച്ച് ഏകദേശം 20 ലക്ഷം ബാരൽ എണ്ണ കൊള്ളുന്ന ഒരു സൂപ്പർ ടാങ്കറിന് (VLCC) ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ (ഏകദേശം 18 കോടി രൂപ) വരെ നികുതി നൽകേണ്ടി വരും. അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനായി ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ ഈ തുക സ്വീകരിക്കുകയുള്ളൂ എന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

കപ്പലുകൾ തങ്ങളുടെ ഉടമസ്ഥാവകാശം, ചരക്കുവിവരങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ മുൻകൂട്ടി ഇ-മെയിൽ വഴി അറിയിക്കണം. നികുതി അടച്ചു കഴിഞ്ഞാൽ ഐആർജിസി നാവികസേനയുടെ എസ്‌കോർട്ടോടെ മാത്രമേ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി ലഭിക്കൂ. അതേസമയം, ഇറാന്റെ ഈ നീക്കത്തെ ഒമാൻ ശക്തമായി എതിർത്തു. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഇത്തരം നികുതികൾ ഈടാക്കാൻ അനുവാദമില്ലെന്നും സമാധാനപരമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നുമാണ് ഒമാന്റെ നിലപാട്. നിലവിൽ നാനൂറോളം കപ്പലുകളാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്.