വാഷിങ്ടൺ: യുഎസിലേക്ക് എത്തുന്ന സന്ദർശകരിൽനിന്ന് 15,000 ഡോളർ വരെ ബോണ്ട് ഈടാക്കാൻ ഡൊണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വിസ അനുവദിക്കുന്നതിന് മുൻപ് സന്ദർശകർ പണം കെട്ടിവെക്കണമെന്ന വ്യവസ്ഥയുമായി ‘വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം’ എന്ന പേരിലാണ് പുതിയ നിയമം നടപ്പിലാക്കുക. ഇത് ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വരും. സന്ദർശകർ കൃത്യ സമയത്ത് മടങ്ങുന്നു എന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. വിസ കാലാവധിക്ക് ശേഷവും യുഎസിൽ തുടരുന്നവർ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള ബി 1, ബി 2 വിസകൾക്കാണ് പുതിയ നിയമം ബാധകമാകുക.

ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കുന്ന കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമാണ് വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം. അമേരിക്കയിൽ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നിൽ. ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ട്രംപ് ഭരണകൂടം പുതിയ നിയമം നടപ്പിലാക്കുക. വിസ അപേക്ഷകർക്ക് 5,000 ഡോളർ മുതൽ 15,000 ഡോളർ വരെ ബോണ്ടായി നൽകേണ്ടി വരും. വിസയുടെ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ തുക തിരികെ ലഭിക്കും. എന്നാൽ അനുവദനീയമായ കാലയളവിൽ കൂടുതൽ യുഎസിൽ താമസിച്ചാൽ തുക നഷ്ടമാകും.

വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതായി ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് അറിയിച്ചു. ബിസിനസ് അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കായി താൽക്കാലിക സന്ദർശക (ബി 1/ബി 2) വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികൾക്കും ഉയർന്ന വിസ ഓവർസ്റ്റേ നിരക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പൈലറ്റ് പ്രോഗ്രാം ബാധകമായേക്കാം. അത്തരം സാഹചര്യങ്ങളിൽ കോൺസുലാർ ഉദ്യോഗസ്ഥർക്ക് 15,000 ഡോളർ വരെ ബോണ്ട് ഈടാക്കാൻ സാധിക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി.

വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതിന് 15 ദിവസം മുൻപ് ഏതൊക്കെ രാജ്യങ്ങളെയാണ് ഈ നിയമം ബാധിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടും. വിസ ഇളവ് ലഭ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഈ നിയമത്തിന് കീഴിൽ വരും. അപേക്ഷകരുടെ സാഹചര്യങ്ങൾ അനുസരിച്ച് ഇളവുകൾ നൽകാനും സാധ്യതയുണ്ട്. യുഎസ് കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിനും യുഎസ് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിബദ്ധത ഈ പൈലറ്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നുവെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് വക്താവ് അറിയിച്ചു. പദ്ധതി എത്രത്തോളം ആളുകളെ ബാധിക്കുമെന്ന് കണക്കാക്കാൻ കഴിയില്ലെന്നും കാലക്രമേണ മാനദണ്ഡങ്ങളിലും രാജ്യങ്ങളുടെ പട്ടികയിലും മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ വിസ നിയമങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നിയമം കൂടി പ്രാബല്യത്തിൽ വരുന്നത്. ഇത് ലോകമെമ്പാടുമുള്ള യാത്രക്കാരെയും ബിസിനസ്സുകാരെയും ഒരുപോലെ ബാധിക്കും. വിസ പുതുക്കുന്നതിന് ഇളവുകൾ ഒഴിവാക്കിയതും കൂടുതൽ അഭിമുഖങ്ങൾ നിർബന്ധമാക്കിയതും അടുത്തിടെയാണ്. കൂടാതെ, 2026 മുതൽ ‘വിസ ഇൻ്റഗ്രിറ്റി ഫീസ്’ എന്ന പേരിൽ കുടിയേറ്റേതര വിസകൾക്ക് 250 ഡോളർ സെക്യൂരിറ്റി ഡെപ്പോസിറ്റ് നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നടപ്പിലാക്കുന്ന വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാമിനെ തുടർന്ന് സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. അമേരിക്കയുടെ സാമ്പത്തിക മേഖലയിലും ഇത് പ്രതിഫലിച്ചേക്കും.

ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് 2020 നവംബറിൽ സമാനമായ പൈലറ്റ് പ്രോഗ്രാം അവതരിപ്പിച്ചെങ്കിലും കൊവിഡ് മഹാമാരി അടക്കം കാരണം ഇത് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.