വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം. ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാകുന്ന നടപടിയാണ് അമേരിക്കൻ സർക്കാരിൻ്റേത്. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇൻ്റർവ്യൂകളെയാണ് നടപടി ബാധിക്കുക. നിലവിൽ ഇൻ്റർവ്യൂ അപ്പോയിൻമെൻ്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല.
വിദേശ കാര്യ സെക്രട്ടറി മാർക്ക് റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്. വിദേശ വിദ്യാർഥികളുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ കൂടെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.കൂട്ടനാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ തുടർന്ന് വരുന്നതിനിടെയാണ് പുതിയ നിർദേശം.
അതേസമയം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക് പുതിയ നിർദേശവുമായും ട്രംപ് സർക്കാർ രംഗത്തെത്തി. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന വിദേശ വിദ്യാർഖികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനെ അറിയിക്കാതെ കോഴ്സിൽ നിന്ന് പിന്മാറുകയോ ചെയ്താലാണ് സ്റ്റുഡന്‍റ് വിസ റദ്ദാക്കപ്പെടുക. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വിസ നിബന്ധനകൾ എപ്പോഴും പാലിക്കുകയും വിദ്യാർഥികളാണെന്ന സ്റ്റാറ്റസ് നിലനിർത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ വിസ്സമതിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരെയുമായും ട്രംപ് ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കാന്‍ സർക്കാർ നിർദേശം നൽകി. കൂടാതെ, സര്‍വകലാശാലയ്ക്കുള്ള 200 കോടിയിലധികം ഡോളർ സഹായധനം ട്രംപ് ഭരണകൂടം നേരത്തെ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
Also Read : ഇത് ‘ഉപകാരസ്മരണ’, അസിം മുനീർ എങ്ങനെ ഫീൽഡ് മാർഷലായി; നാളെ പാക് ഭരണകൂടത്തെ തന്നെ വിഴുങ്ങുമോ?
സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കാനും പകരം വേറെ സംവിധാനത്തെ കണ്ടെത്താനും ആവശ്യപ്പെട്ട് ഫെഡറല്‍ ഏജന്‍സികള്‍ക്ക് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോർട്ടുകളുണ്ട്. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് പിന്നാലെ കുടിയേറ്റ വിഷയത്തിലും വിദേശ വിദ്യാർഥികൾക്കുള്ള നിബന്ധനകളും കർശനമാക്കി വരികയാണ്. ഇതിനൊടുവിലാണ് വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇൻ്റർവ്യൂകൾ നിർത്തിവെക്കാനുള്ള തീരുമാനം.



