ന്യൂഡൽഹി: നിയമവിരുദ്ധമായ താമസത്തെ തുടർന്ന് യുഎസിൽനിന്ന് ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യൻ പൗരന്മാരെ. 2023 – 24 അമേരിക്കൽ സാമ്പത്തിക വർഷം അവസാനിക്കുന്ന സെപ്റ്റംബർ 30 വരെയുള്ള കണക്കാണിത്. ചാർട്ടർ, കൊമേഷ്യൽ വിമാനങ്ങളിലാണ് ഇത്രയും പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഏറ്റവും ഒടുവിൽ ഈ മാസം 22ന് ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം പഞ്ചാബിൽ ഇറങ്ങി. യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമവിരുദ്ധമായ കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചകൾ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു ഡിഎച്ച്എസ്.

കഴിഞ്ഞ ഒരു വ‍ർഷത്തിനിടെ അനധികൃതമായി താമസിച്ചതിന് 1,100 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയതായി യുഎസ് ഡിഎച്ച്എസ് ബോർഡർ ആൻ്റ് ഇമിഗ്രേഷൻ പോളിസി അസിസ്റ്റൻ്റ് സെക്രട്ടറി റോയ്സ് മുറെ വെർച്വലായി നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെക്സികോ, കാനഡ എന്നിവിടങ്ങളുമായുള്ള യുഎസ് അതിർത്തികൾ അനധികൃതമായി കടക്കുന്ന എല്ലാവരെയും പ്രോസിക്യൂഷൻ നേരിടുന്നതിന് പുറമെ നാടുകടത്തുമെന്നും അവർ പറഞ്ഞു.

ഒക്ടോബർ 22ന് പഞ്ചാബിൽ ഇറങ്ങിയ ചാർട്ടർ വിമാനത്തിൽ 100 ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നതായും ഇതിൽ പ്രായപൂർത്തിയാകാത്ത ആരുമില്ലെന്നും റോയ്സ് മുറെ പറഞ്ഞു. ഇന്ത്യൻ സംഘത്തിൽ പുരുഷന്മാരും സ്ത്രീകളുമാണ് ഉൾപ്പെട്ടിരുന്നതെന്നും ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരണെന്നും അവ‍ർ അറിയിച്ചു. അതേസമയം ഇവർ എവിടെ നിന്നാണ് എത്തിയതെന്ന കാര്യമടക്കം റോയ്സ് മുറെ വിശദമാക്കിയിട്ടില്ല.

വിമാനം പഞ്ചാബിലാണ് ഇറക്കിയതെന്നും സ്വദേശത്തോട് അടുത്തായതിനാലാണ് ഇവിടെ ഇറക്കാൻ കാരണമെന്നും റോയ്സ് മുറെ ചൂണ്ടിക്കാട്ടി. യാത്രക്കാർ പഞ്ചാബിൽ നിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ ഉള്ളവരായിരിക്കണമെന്ന് ഇതിനർഥമില്ല. ഇന്ത്യൻ പൗരന്മാരുടെ സ്വദേശം സംബന്ധിച്ച കൃത്യമായ വിവരം തങ്ങളുടെ പക്കലില്ല. ഒക്ടോബ‍ർ 22ന് നടന്ന നാടുകടത്തൽ ഇന്ത്യ സ‍ർക്കാരിൻ്റെ പിന്തുണയോടെ സുഗമമായി പൂ‍ർത്തിയാക്കാൻ സാധിച്ചുവെന്നും അവർ വ്യക്തമാക്കി.