സാവോ പോളോ: 62 പേരുടെ ജീവനെടുത്ത വിമാനപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമായി സാവോ പോളയിലേക്ക് പറന്ന എടിആർ- 72 വിമാനമാണ് ബ്രസീലിലെ വിൻഹെഡോയിലെ വീടുകളും കെട്ടിടങ്ങളും ധാരാളമായുള്ള ജനവാസമേഖലയിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പ്രദേശവാസികളിലാർക്കും ജീവൻ നഷ്ടമായിട്ടില്ലെന്നാണ് റിപ്പോർട്ട്.
സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണു അപകടമുണ്ടായത്. വിമാനത്തിൽ 58 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മരിച്ച യാത്രക്കാരിൽ രണ്ട് ട്രെയിനി ഡോക്ടർമാരും ഉണ്ടെന്ന് കാസ്‌കവലിലെ യുപെക്കൻ കാൻസർ ആശുപത്രി വ്യക്തമാക്കി. വിമാനം തകർന്നുവീഴുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുക ഉയരുന്നതും ആടിയുലഞ്ഞ് വിമാനം താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വിമാനം തകർന്നുവീണ ഭാഗത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
സാവോ പോളോയിലെ അന്താരാഷ്ട്ര വിമാനത്താവളമായ ഗ്വാറുൾഹോസിലേക്ക് പോകുകയായിരുന്ന വിമാനമാണ് തകർന്നുവീണത്. വിമാനപകടത്തിൻ്റെ പശ്ചാത്തലത്തിൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. ഫ്ലൈറ്റ് റെക്കോർഡറുകൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് ഫ്രഞ്ച് – ഇറ്റാലിയൻ വിമാന നിർമാതാക്കളായ എടിആർ അറിയിച്ചു.



