അമേരിക്കയിലെ സാംസ്കാരിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് വാഷിംഗ്ടൺ ഡിസിയിലെ പ്രശസ്തമായ കെന്നഡി സെന്ററിന്റെ പേര് മാറ്റാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്സ് എന്ന ഔദ്യോഗിക നാമം ഇനി മുതൽ ‘കെന്നഡി-ട്രംപ് സെന്റർ’ എന്നായിരിക്കും അറിയപ്പെടുക. 

അമേരിക്കൻ കലാരംഗത്തെ ഏറ്റവും വലിയ പീഠങ്ങളിലൊന്നായ ഈ സ്ഥാപനത്തിന്റെ പേര് മാറ്റുന്ന വിവരം വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റാണ് പുറത്തുവിട്ടത്. അമേരിക്കയുടെ സാംസ്കാരിക പൈതൃകത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകുന്ന വലിയ സംഭാവനകളെ ആദരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

നിലവിലെ ബജറ്റ് അനുസരിച്ച് സാംസ്കാരിക സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് വിതരണത്തിലും നവീകരണ പ്രവർത്തനങ്ങളിലും പ്രസിഡന്റ് ട്രംപ് വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി സ്ഥാപനത്തെ ആധുനികവൽക്കരിക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. മുൻപ് മുൻ പ്രസിഡന്റ് കെന്നഡിയുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ കേന്ദ്രത്തിന് ട്രംപിന്റെ പേര് കൂടി ചേർക്കുന്നത് അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. 

1971-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കേന്ദ്രം അമേരിക്കൻ കലകളുടെയും സംഗീതത്തിന്റെയും കേന്ദ്രബിന്ദുവായാണ് കണക്കാക്കപ്പെടുന്നത്. പുതിയ പേര് മാറ്റം സംബന്ധിച്ച നിയമനടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.