മതസ്വാതന്ത്ര്യ ഇൻസ്റ്റിറ്റ്യൂട്ട് (RFI) പ്രഖ്യാപിച്ച 2025 ലെ മതസ്വാതന്ത്ര്യ ഇംപാക്റ്റ് അവാർഡിന് ആൻഡ്രിയ പിക്കിയോട്ടി-ബേയർ അർഹയായി. നിയമം, നയം, സംസ്കാരം എന്നിവയിലൂടെ “മതസ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്ഥിരതയുള്ളതും ഫലപ്രദവും നൂതനവുമായ നേതൃത്വം” പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് മതസ്വാതന്ത്ര്യ ഇംപാക്റ്റ് അവാർഡ് നൽകി ആദരിക്കുന്നത്.

നവംബർ ആറിന് വാഷിംഗ്ടൺ ഡി. സിയിൽ നടക്കുന്ന മതസ്വാതന്ത്ര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികത്തിൽ അവാർഡ് സമ്മാനിക്കും. പിക്കിയോട്ടി-ബേയർ ഒരു സമർഥയായ അഭിഭാഷകയും നയ വിദഗ്ദ്ധയും രാഷ്ട്രീയ നിരൂപകയും അമ്മയുമാണ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മാനുഷിക അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി തന്റെ കരിയർ ചെലവഴിച്ച വ്യക്തിയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസം, രക്ഷാകർതൃ അവകാശങ്ങൾ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ.

പത്ത് മക്കളുള്ള കത്തോലിക്കയായ പിക്കിയോട്ടി-ബേയർ തന്റെ ജീവിതത്തിൽ ദൈവപരിപാലന പല വ്യത്യസ്ത അവസരങ്ങളിൽ അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ക്രൈസ്തവർ പ്രത്യേകിച്ച് ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകുന്ന സ്ത്രീകൾ ‘നമുക്ക് ഒരിക്കലും ദൈവത്തെ മറികടക്കാൻ കഴിയില്ല’ എന്ന് വിശ്വസിക്കണമെന്ന് പറഞ്ഞു. തന്റെ ജോലിയിൽ മാതൃത്വം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

“കുട്ടികൾ ഉണ്ടായത് എന്നെ മികച്ച അഭിഭാഷകയാക്കി. മനസ്സാക്ഷിക്ക് അനുസൃതമായി കുട്ടികളെ വളർത്താനുള്ള കഴിവിനായി പോരാടുന്ന മാതാപിതാക്കളുടെ ആശങ്കകൾ നേരിട്ട് മനസ്സിലാക്കാൻ ഇത് എന്നെ സഹായിച്ചു.” പിക്കിയോട്ടി-ബേയർ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി തന്റെ കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം, അവർ നിയമ ലോകത്തേക്ക് മടങ്ങിയെത്തി.

പിക്യോട്ടി-ബേയർ കൺസൈൻസ് പ്രോജക്റ്റിന്റെ ഡയറക്ടറാണ്. യു എസ് സുപ്രീം കോടതിയിലും പ്രധാനപ്പെട്ട മതസ്വാതന്ത്ര്യ കേസുകളിൽ പൊതു വാദങ്ങൾ തയ്യാറാക്കുന്നതിനും അമിക്കസ് ബ്രീഫുകൾ ഫയൽ ചെയ്യുന്നതിനും അവർ വിദഗ്ധരുമായും നിയമ പണ്ഡിതരുമായും ചേർന്ന് പ്രവർത്തിക്കുന്നു. സർക്കാരിന്റെ അതിരുകടന്ന ഇടപെടലുകൾക്കെതിരെ അവർ പോരാടുന്നു. അന്യായമായ ഇടപെടലുകളില്ലാതെ വ്യക്തികളെയും സ്ഥാപനങ്ങളെയും അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ സഹായിക്കുന്നു.

കോടതിമുറിക്ക് പുറത്ത്, പിക്കിയോട്ടി-ബയർ മാധ്യമങ്ങളിലെ ഒരു പ്രമുഖ ശബ്ദമാണ്. ഇ ഡബ്ല്യൂ ടി എൻ ന്യൂസിന്റെ നിയമ വിശകലന വിദഗ്ധയായും ‘ആവേ മരിയ ഇൻ ദി ആഫ്റ്റർനൂൺ’ എന്ന പരിപാടിയിൽ പ്രതിവാര അതിഥിയായും സേവനമനുഷ്ഠിക്കുന്നു. നാഷണൽ കാത്തലിക് രജിസ്റ്ററിനായി അവർ ഒരു കോളം എഴുതുകയും മറ്റ് നിരവധി വാർത്താ ഏജൻസികളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ സ്വാധീനമുള്ള പത്രപ്രവർത്തനം അടുത്തിടെ മതസ്വാതന്ത്ര്യ വിഷയങ്ങളുടെ മികച്ച കവറേജിനുള്ള 2025 ലെ കാത്തലിക് മീഡിയ അസോസിയേഷൻ അവാർഡ് നേടി.