ചെക്ക് റിപ്പബ്ലിക്കിലെ ജബ്ലോൺ വി പോഡ്ജെസ്റ്റേഡിയിലുള്ള സെന്റ് ലോറൻസ് ആൻഡ് സെന്റ് സിഡിസ്ലാവ ബസിലിക്കയിൽ നിന്ന് വിശുദ്ധ സിഡിസ്ലാവയുടെ തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വിശുദ്ധയുടെ തിരുശേഷിപ്പ് (തലയോട്ടി) മോഷണം പോയതായി മനസ്സിലായത്. തിരുശേഷിപ്പ് മോഷ്ടിച്ച വ്യക്തിക്കായി ചെക്ക് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ബസിലിക്കയിലെ വികാരിയായ ഫാ. സ്റ്റെപ്പാൻ ഫിലിപ്പാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിന് ഏക ദൃക്സാക്ഷി. വൈകുന്നേരം അപ്രതീക്ഷിതമായി വലിയ രണ്ട് ശബ്ദങ്ങൾ കേട്ടതായും, തുടർന്ന് ഒരാൾ തിരുശേഷിപ്പുമായി ബസിലിക്കയിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പേടകം സംരക്ഷിച്ചിരുന്ന രണ്ട് ഗ്ലാസ് പാളികൾ ചുറ്റിക പോലുള്ള വസ്തു ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്. കുർബാന തുടങ്ങാനിരുന്ന സമയമായതിനാൽ അലാറം സംവിധാനം ഓഫാക്കിയിരുന്നു. ഇത് മുതലെടുത്ത് നിമിഷങ്ങൾക്കുള്ളിൽ മോഷണം പൂർത്തിയാക്കി കടന്നുകളഞ്ഞതിനാൽ ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന കവർച്ചയാണെന്ന് കരുതപ്പെടുന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബൊഹീമിയൻ കുലീന വനിതയായിരുന്നു വിശുദ്ധ സിഡിസ്ലാവ. ദരിദ്രരെയും രോഗികളെയും ശുശ്രൂഷിക്കുന്നതിൽ മാതൃക കാട്ടിയ അവരെ 1995-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. 1252-ൽ അന്തരിച്ച വിശുദ്ധയുടെ തലയോട്ടി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രത്യേക പേടകത്തിലാണ് ബസിലിക്കയിൽ സൂക്ഷിച്ചിരുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ ആത്മീയ മൂല്യമുള്ള ഈ തിരുശേഷിപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.



