പരിശുദ്ധ ഫാത്തിമ മാതാവിന്റെ അദ്ഭുതദർശനത്തിന്റെ 109 -ാം വാർഷികം പോർച്ചുഗലിലെ ഫാത്തിമ പുണ്യസങ്കേതത്തിൽ ലക്ഷക്കണക്കിന് തീർഥാടകരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. മെയ് 13 -ന് നടന്ന പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി ആയിരക്കണക്കിന് മെഴുകുതിരികൾ തെളിച്ചുകൊണ്ടുള്ള പ്രദിക്ഷണവും ജപമാല പ്രാർഥനയും നടന്നു.
109 വർഷങ്ങൾക്ക് മുമ്പ് മൂന്ന് ആട്ടിടയ കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ട അതേ പുണ്യഭൂമിയിൽ ഏഷ്യയും യൂറോപ്പും അമേരിക്കയും ഉൾപ്പെടെയുള്ള വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിശ്വാസികൾ പ്രാർഥനയോടെ ഒത്തുകൂടി. ലിസ്ബൺ പാത്രിയർക്കീസ് ആർച്ച് ബിഷപ്പ് റൂയി മാനുവൽ സൂസ വലേരിയോ തിരുനാൾ ദിവ്യബലിക്ക് നേതൃത്വം നൽകി. “നമ്മൾ ഇവിടെ വരുന്നത് തീർഥാടകരായിട്ടാണ് എന്നാൽ മടങ്ങുന്നത് മിഷനറിമാരായിട്ടാണ്” അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഫാത്തിമയിൽ നിന്ന് ലഭിക്കുന്ന സമാധാനവും പ്രാർഥനയും ലോകമെമ്പാടും എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ 45 -ാം വാർഷികം കൂടിയാണ് ഈ വർഷം. ഇതിന്റെ സ്മരണയ്ക്കായി ജോൺ പോൾ പാപ്പ ഫാത്തിമ പുണ്യസങ്കേതത്തിന് സമ്മാനിച്ച ചാലിസ് (Chalice) ഉപയോഗിച്ചാണ് ഇത്തവണ തിരുനാൾ വിശുദ്ധ കുർബാന അർപ്പിച്ചത്. പോർച്ചുഗലിലെ ഏറ്റവും ജനപ്രിയമായ തീർഥാടനമാണിത്. കഴിഞ്ഞ വർഷം 4.5 ലക്ഷത്തിലധികം പേർ പങ്കെടുത്ത ഈ ആഘോഷത്തിൽ ഇത്തവണയും വലിയ തിരക്കാണ്.



