ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓരോ വർഷവും 20% വരെ വർധിക്കുന്നത് സാധാരണക്കാരെയും ഇടത്തരക്കാരെയും വലിയ തോതിൽ ബുദ്ധിമുട്ടിലാക്കുകയാണ്. ആശുപത്രികൾ ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികളിൽ നിന്ന് അമിതമായി പണം ഈടാക്കുന്നതാണ് ഈ പ്രീമിയം വർധനവിന് പ്രധാന കാരണം. ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ പോർട്ട്ഫോളിയോയിൽ നഷ്ടം രേഖപ്പെടുത്തുമ്പോൾ, ആശുപത്രികൾ മാത്രമാണ് ഇൻഷുറൻസ് ഉള്ള രോഗികളുടെ ചെലവിൽ ലാഭമുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രി ബില്ലുകളിലെ ഈ അമിത നിരക്ക് തടയാൻ സർക്കാർ ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നത്.
നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ചിന്റെ (NHCX) മേൽനോട്ടം ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ധനകാര്യ മന്ത്രാലയത്തിലേക്ക് മാറ്റാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് (NHCX).
ഇൻഷുറർമാർ, തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാർ (ടിപിഎ), ആരോഗ്യ ദാതാക്കൾ, ഗുണഭോക്താക്കൾ എന്നിവരുൾപ്പെടെ വിവിധ പങ്കാളികൾക്കിടയിൽ ആരോഗ്യ ക്ലെയിം വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് ഈടാക്കുന്നതിനേക്കാൾ കൂടുതൽ ഇൻഷുറൻസ് ഉള്ള രോഗികളിൽ നിന്ന് ആശുപത്രികൾ ഈടാക്കുന്നത് തടയാൻ ഈ സംവിധാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി, നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ചിനെ ഇപ്പോൾ ധനകാര്യ സേവന വകുപ്പിന് കീഴിൽ കൊണ്ടുവരാനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) വഴി ഇത് നിയന്ത്രിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാറ്റം വഴി നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ആശുപത്രികൾ വിവിധ ചികിത്സകൾക്കും നടപടിക്രമങ്ങൾക്കും ഏകീകൃത നിരക്കുകൾ ഈടാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് കൂട്ടായ വിലപേശൽ ശക്തി നൽകാനും കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
രോഗികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ എന്നും അവരുടെ ഇൻഷുറൻസ് പരിധി എത്രയാണെന്നും ആശുപത്രികൾ ആദ്യം കണ്ടെത്തുകയും, ഈ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അതനുസരിച്ച് ചികിത്സാ നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓരോ വർഷവും 20% വരെ വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് സാധാരണക്കാരെയും ഇടത്തരക്കാരെയും വലിയ തോതിൽ ബുദ്ധിമുട്ടിലാക്കുന്നു.
കോവിഡ്-19 മഹാമാരിയുടെ സമയത്ത്, സാമ്പത്തിക വർഷം 2021-ൽ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ഇൻകർഡ് ക്ലെയിംസ് റേഷ്യോ (ശേഖരിച്ച പ്രീമിയത്തിന്മേൽ നൽകിയ ക്ലെയിമുകളുടെ അനുപാതം) 126% ആയി ഉയർന്നിരുന്നു. സ്വകാര്യ ഇൻഷുറർമാരുടേത് 105% ആയിരുന്നു. പിന്നീട് സാമ്പത്തിക വർഷം 2024 ആയപ്പോഴേക്കും ഈ അനുപാതം പൊതുമേഖലാ ഇൻഷുറർമാർക്ക് 103% ആയും സ്വകാര്യ ഇൻഷുറർമാർക്ക് 89% ആയും കുറഞ്ഞിട്ടുണ്ടെങ്കിലും, പ്രീമിയം നിരക്കുകൾ ഇപ്പോഴും ഉയർന്ന നിലയിലാണ്. ഈ അവസ്ഥയെ ഒരു ഉദ്യോഗസ്ഥൻ ‘ഈ ബിസിനസ്സ് രംഗത്തെ വെള്ളാനകളാണ് ആശുപത്രികൾ’ എന്ന് വിശേഷിപ്പിക്കുന്നു.
ഉയർന്ന പ്രീമിയം ഈടാക്കുകയും എന്നാൽ കുറഞ്ഞ ക്ലെയിം സെറ്റിൽമെന്റ് അനുപാതം കാണിക്കുകയും ചെയ്യുന്ന ചില സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് IRDAI കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് ഇൻഷുറൻസ് മേഖലയിലെ ക്രമക്കേടുകൾക്കെതിരെ നിയന്ത്രണ അതോറിറ്റി ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ സൂചനയാണ്. നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ചിനെ ധനകാര്യ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരികയും IRDAI യുടെ നിയന്ത്രണത്തിൽ ആക്കുക വഴി ആശുപത്രികളുടെ അമിത ബില്ലിംഗ് തടയാനും ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ന്യായമായ തലത്തിൽ നിലനിർത്താനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത് ആരോഗ്യ ഇൻഷുറൻസിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് ഇൻഷുറൻസ് പരിരക്ഷ എത്തിക്കാനും സഹായിക്കും.