അമേരിക്കയിൽ ‘റിയൽ ഐഡി’ അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. ഫെബ്രുവരി 1 മുതൽ 45 ഡോളർ (ഏകദേശം 3,700 രൂപ) ‘ടി.എസ്.എ കൺഫേം ഐഡി’ ഫീസായി നൽകണമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

18 വയസ്സിന് മുകളിലുള്ള, മതിയായ തിരിച്ചറിയൽ രേഖകളില്ലാത്ത എല്ലാ യാത്രക്കാരും ഈ തുക അടയ്ക്കണം. ഒരിക്കൽ അടയ്ക്കുന്ന ഫീസ് 10 ദിവസത്തെ യാത്രകൾക്ക് സാധുവായിരിക്കും. യാത്രയ്ക്ക് മുൻപായി Pay.gov വഴി പണമടച്ച് അതിന്റെ രസീത് കൈവശം വെക്കണം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, പേപാൽ, വെന്മോ എന്നിവ വഴി പണമടയ്ക്കാം.

വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം സുരക്ഷാ പരിശോധനയിൽ വലിയ താമസം നേരിടാൻ സാധ്യതയുണ്ട്.

ഫീസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?

താഴെ പറയുന്ന ഏതെങ്കിലും രേഖകൾ കയ്യിലുണ്ടെങ്കിൽ ഈ ഫീസ് നൽകേണ്ടതില്ല:

റിയൽ ഐഡി ഉള്ള ഡ്രൈവിംഗ് ലൈസൻസ്,യു.എസ്. പാസ്‌പോർട്ട് അല്ലെങ്കിൽ പാസ്‌പോർട്ട് കാർഡ്, ഗ്ലോബൽ എൻട്രി, നെക്‌സസ് കാർഡുകൾ, മിലിട്ടറി ഐഡി കാർഡുകൾ.

നികുതിദായകരുടെ പണം ഉപയോഗിക്കുന്നതിന് പകരം, മതിയായ രേഖകളില്ലാത്ത യാത്രക്കാരിൽ നിന്ന് തന്നെ അതിന്റെ ചെലവ് ഈടാക്കാനാണ് ഈ പുതിയ നീക്കമെന്ന് ടി.എസ്.എ വ്യക്തമാക്കി.