പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, സമാധാന ചർച്ചകൾക്കായി ഇറാൻ തങ്ങളെ സമീപിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും രാജ്യം തയ്യാറല്ലെന്നും അഞ്ചുവർഷം വരെ നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി വ്യക്തമാക്കി. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്.
മുൻകാല ഉടമ്പടികൾ ലംഘിച്ച് അമേരിക്ക തന്നെയാണ് ആക്രമണം ആരംഭിച്ചതെന്നും അതിനാൽ ഇനിയൊരു ഒത്തുതീർപ്പിന് താൽപ്പര്യമില്ലെന്നും ഇലാഹി പറഞ്ഞു. “അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ ആഗ്രഹിക്കുന്നില്ല. രണ്ട് തവണ ചർച്ചകൾ നടത്തിയിട്ടും അവർ ഞങ്ങളെ വീണ്ടും ആക്രമിക്കുകയാണ് ചെയ്തത്. ഇറാൻ-ഇറാഖ് യുദ്ധം അതിജീവിച്ച അനുഭവം ഞങ്ങൾക്കുണ്ട്. അഞ്ച് വർഷം വരെ യുദ്ധം തുടരാൻ ഞങ്ങൾ തയ്യാറാണ്. രക്തം നൽകാനും ജനങ്ങൾ സന്നദ്ധരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷം ഒഴിവാക്കാൻ ഇറാൻ പലതവണ ശ്രമിച്ചതായും എന്നാൽ യുദ്ധം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആഗോള ഊർജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകത്തെ ബാധിക്കുമെന്നറിയാം, എന്നാൽ രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് ഇറാന്റെ പക്ഷം. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ആഗോള നേതാക്കൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെയാണ് അതീവ ഗുരുതരമായത്. ഇതിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ ഇസ്രായേൽ-യുഎസ് സൈനിക കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.



