പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴക്കുന്നു. തങ്ങളുടെ സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ അവരെ സംരക്ഷിക്കാൻ സൈനിക ഇടപെടലിന് തയ്യാറാണെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. ഇതിനിടെ, വ്യോമഗതാഗതത്തെ യുദ്ധം സാരമായി ബാധിച്ചതോടെ പാകിസ്താൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചിട്ടു. എണ്ണ വിതരണത്തിലെ കുറവ് ചൈനീസ് വ്യവസായങ്ങളെയും ബാധിച്ചുതുടങ്ങി.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് (Jean-Noel Barrot) ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിരോധ കരാറുകളും സൈനിക താവളങ്ങളുമുള്ള തങ്ങളുടെ പങ്കാളികൾ സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിൽ ഏകദേശം നാല് ലക്ഷം ഫ്രഞ്ച് പൗരന്മാരുണ്ട്. അപകടസാധ്യതയുള്ളവരെ തിരിച്ചെത്തിക്കാൻ വാണിജ്യ വിമാനങ്ങൾക്ക് പുറമെ സൈനിക വിമാനങ്ങളും ഉപയോഗിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് ബി.എഫ്.എം ടിവിക്ക് (BFM TV) നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.



