കൊച്ചി: യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരി​ഗണിച്ച് കോടതി. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന കാരവാൻ തിരിച്ചറിയണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡ‍ി അപേക്ഷ ഉച്ച കഴിഞ്ഞ് പരി​ഗണിക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും ജാമ്യാപേക്ഷയിൽ രഞ്ജിത്ത് പറയുന്നു. നിരവധി ശത്രുക്കൾ ഉണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് നടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസ്ഥിതി മോശമാണ്. ബലംപ്രയോഗിക്കാനുള്ള ശരീരിക കരുത്ത് ഇല്ല. ജാമ്യം നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നുമാണ് ജാമ്യാപേക്ഷയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നത്. 

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിതിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചത്.