രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ പുറത്തെടുക്കാൻ നടത്തിയത് 56 മണിക്കൂർ നീണ്ട രക്ഷാദൗത്യം. പുറത്തെടുക്കാനായെങ്കിലും രണ്ട് ദിവസത്തിലധികം കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടി മരണത്തിന് കീഴടങ്ങി.

ആര്യൻ എന്ന 5 വയസുകാരനെ കുഴൽക്കിണറിൽ നിന്ന് കയർ ഉപയോഗിച്ച് അബോധാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3 മണിയോടെ വയലിൽ കളിക്കുന്നതിനിടെ ആര്യൻ കുഴൽക്കിണറിൽ വീഴുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം ആരംഭിച്ചു. പൈപ്പിലൂടെ ഓക്‌സിജൻ നൽകുകയും, കുഴൽക്കിണറിൽ ക്യാമറ ഘടിപ്പിച്ച് കുട്ടിയുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു.