ജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ആയിരുന്നു ശനിയാഴ്ച. ചടങ്ങിനിടെ സിനിമയിൽ എത്തുംമുൻപ് താൻ കൂലിപ്പണി ചെയ്തിരുന്ന കാലഘട്ടം ഓർത്തെടുത്തുകൊണ്ട് രജനീകാന്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തതിന് താൻ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു.

താരനിബിഡമായ ചടങ്ങിലാണ് രജനികാന്തിൻ്റെ ‘കൂലി’യുടെ ട്രെയ്ലർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ റിലീസിന് ദിവസങ്ങൾക്ക് മുൻപ്, നിർമ്മാതാക്കൾ ‘കൂലി അൺലീഷ്ഡ്’ എന്ന പേരിൽ ഒരു വലിയ പരിപാടി സംഘടിപ്പിച്ചു. ട്രെയ്ലർ ലോഞ്ചിൽ, സൂപ്പർസ്റ്റാർ തൻ്റെ സിനിമയെക്കുറിച്ച് മുമ്പെങ്ങുമില്ലാത്തവിധം തുറന്നു സംസാരിച്ചു. 

“ഒരു ദിവസം ഒരാൾ തൻ്റെ ടെമ്പോയിലേക്ക് ഒരു ലഗേജ് കയറ്റാൻ എന്നോട് ആവശ്യപ്പെടുകയും അതിന് 2 രൂപ തരുകയും ചെയ്തു. അയാളുടെ ശബ്ദം എനിക്ക് പരിചിതമായി തോന്നി, ഞാൻ കോളേജിൽ കളിയാക്കിയിരുന്ന എൻ്റെ സഹപാഠിയായിരുന്നു അതെന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. ‘അന്നൊക്കെ നിനക്ക് എന്തൊരു അഹങ്കാരമായിരുന്നു’ എന്നുപറഞ്ഞ് എൻ്റെ ജോലിയെ അയാൾ പരിഹസിച്ചു. ജീവിതത്തിൽ ഞാൻ ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നാണ്,” അദ്ദേഹം ഓർത്തെടുത്തു.

കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജിനെ സിനിമയുടെ ‘യഥാർത്ഥ ഹീറോ’ എന്നാണ് സൂപ്പർ താരം വിശേഷിപ്പിച്ചത്. “കൂലിയുടെ യഥാർത്ഥ നായകൻ സംവിധായകൻ ലോകേഷ് കനകരാജ് അല്ലാതെ മറ്റാരുമല്ല. ഏറ്റവും വിജയകരമായ ഒരു കൊമേഴ്സ്യൽ സംവിധായകൻ എന്നോടൊപ്പം ചേർന്നു. ഒരു മികച്ച താരനിരയെ അണിനിരത്തി അദ്ദേഹം ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചിരിക്കുന്നു.” രജനീകാന്ത് കൂട്ടിച്ചേർത്തു.

ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘പവർഹൗസ്’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനീകാന്തിന്റെ മാസ് അപ്പീലിനെ ഇരട്ടിയാക്കുന്ന തരത്തിലാണ് അനിരുദ്ധ് ഗാനം ഒരുക്കിയിരിക്കുന്നത്.