സംസ്ഥാനത്തെ ആദ്യ വാഹന പൊളിക്കൽ കേന്ദ്രം തുടങ്ങാൻ കെ.എസ്.ആർ.ടി.സി.യും റെയിൽവേയും കൈകോർക്കുന്നു. ഇതിനായി റെയിൽവേയുടെ ഉപകമ്പനിയായ ബ്രത്ത്വെറ്റുമായി കെ.എസ്.ആർ.ടി.സി. ധാരണാപത്രം ഒപ്പിട്ടു. ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ആർ.ടി.സി. നൽകും. ബ്രത്ത്വെറ്റ് യൂണിറ്റ് സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി.ക്ക് വരുമാനത്തിന്റെ നിശ്ചിതശതമാനം ലഭിക്കും.
തെക്കൻമേഖലയിലാകും ആദ്യ പൊളിക്കൽ കേന്ദ്രം വരുക. പാറശ്ശാലയിൽ ഉൾപ്പെടെ കെ.എസ്.ആർ.ടി.സി. ഉപയോഗശൂന്യമായി ഇട്ടിരിക്കുന്ന സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. അന്തിമകരാർ ഉടൻ ഒപ്പിടും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള കേന്ദ്രനയപ്രകാരം സംസ്ഥാനങ്ങളിൽ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങേണ്ടതുണ്ട്. 2024 ഏപ്രിലിൽ പൊളിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതായിരുന്നു.
കെ.എസ്.ആർ.ടി.സി.യെ നോഡൽ ഏജൻസിയായി നിയോഗിച്ച സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് നടപടികൾ നീളുകയായിരുന്നു. മധ്യ, വടക്കൻ ജില്ലകളിലായി രണ്ട് പൊളിക്കൽ കേന്ദ്രങ്ങൾകൂടി തുടങ്ങേണ്ടതുണ്ട്. ഇതിന് ടെൻഡർ വിളിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സർക്കാർ അനുമതി നൽകി. കേന്ദ്രനിർദേശപ്രകാരം സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിച്ചിരുന്നു.



