അസമില്‍ ബ്രഹ്മപുത്ര നദിക്ക് അടിയില്‍ ഇന്ത്യയിലെ ആദ്യത്തെ 34 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ വാട്ടര്‍ റെയില്‍ റോഡ് തുരങ്ക നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് 18,662 കോടി രൂപ മൂലധന ചെലവില്‍ ബ്രഹ്മപുത്ര നദിക്ക് കീഴിലൂടെ നിര്‍മിക്കുന്ന ട്വിന്‍ ട്യൂബ് ടണല്‍ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്.ഇന്ത്യയിലെ ആദ്യത്തെ നദിക്കടിയിലൂടെയുള്ള തുരങ്കം നിര്‍മിച്ചത് കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിക്ക് കീഴിലാണെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ആദ്യത്തെ അണ്ടര്‍ വാട്ടര്‍ തുരങ്കത്തിന്റെ പണി നിലവില്‍ നടന്നുവരികയാണെന്നും ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
നിലവില്‍ എന്‍എച്ച് 715ലെ നുമാലിഗഢും എന്‍എച്ച് 15 ലെ ഗോഹ്പൂരും തമ്മിലുള്ള കണക്ടിവിറ്റി എന്‍എച്ച് 52 ലെ സില്‍ഘട്ടിനടുത്തുള്ള കാലിയഭംഭോര പാലത്തില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയാണ്. നുമാലിഗഢ്, കാസിരംഗ ദേശിയോദ്യാനം, ബിശ്വനാഥ് ടൗണ്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകാന്‍ 6 മണിക്കൂര്‍ എടുക്കും. ഈ വെല്ലുവിളികളെ നേരിടുന്നതിനായി എന്‍എച്ച് -15ലെ ഗോഹ്പൂരില്‍ നിന്ന് നുമാലിഗഢിലേയ്ക്ക് ബ്രഹ്മപുത്ര നദിക്ക് താഴെ റോഡ് കം റെയില്‍ ടണലുള്ള 4 ലൈന്‍ ആക്‌സസ് കണ്‍ട്രോള്‍ഡ് ഗ്രീന്റഫീല്‍ഡ് കണട്റ്റിവിറ്റിയ്ക്കായി പദ്ധതി വികസിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പത്രക്കുറിപ്പിലുള്ളത്. ഇത് ഇന്ത്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തേയും അണ്ടര്‍ വാട്ടര്‍ റോഡ് കം റെയില്‍ ടണലായിരിക്കും.
പദ്ധതി അസം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഗണ്യമായ നേട്ടങ്ങളുണ്ടാക്കും. ചരക്ക് നീക്കം സുഗമമാക്കാനും ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അസമിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക് നോഡുകളിലേയ്ക്ക് തടസമില്ലാത്ത കണക്ടിവിറ്റി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. 4 പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, 2 വിമാനത്താവളങ്ങള്‍, 2 ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയുമായി മെച്ചപ്പെട്ട കണക്ടിവിറ്റി നല്‍കുകയും അതുവഴി മേഖലയിലുടനീളം ചരക്കുനീക്കം സുഗമമാക്കുകയും യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.
പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ പ്രാദേശിക സാമ്പത്തിക വളര്‍ച്ച, പ്രധാന സാമ്പത്തിക കേന്ദ്രങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റി ശക്തിപ്പെടുത്തല്‍, വ്യാപാര വ്യാവസായിക വികസനത്തിന് പുതിയ വഴികള്‍ തുറക്കല്‍ എന്നീ കാര്യങ്ങളില്‍ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും. നിര്‍മാണം, അറ്റകുറ്റപ്പണി, മറ്റ് മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.



