സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ സജീവമാക്കാനൊരുങ്ങി യുഡിഎഫിലെ ഒരു വിഭാഗം. കുടുംബശ്രീയുടെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത രാഹുല്‍, നാളെ പിരായിരിയിലെ പൊതുപരിപാടിയിലും പങ്കെടുക്കും.
ഡിവൈഎഫ്‌ഐയുടെയും ബിജെപിയുടെയും വെല്ലുവിളിയെ തുടര്‍ന്ന് ഫ്‌ളക്‌സുകളും പോസ്റ്ററുകളും പ്രചരിപ്പിച്ചാണ് രാഹുലിന്റെ പിരായിരിയിലെ പൊതുപരിപാടി.
സ്ത്രീകളുടെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ 38 ദിവസം മാറി നിന്നതിനുശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് തിരിച്ചെത്തിയത്. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു.
മാധ്യമങ്ങളെ പോലും അറിയിക്കാതെ, അപ്രതീക്ഷതമായി എത്തി കെഎസ്ആര്‍ടിസി പാലക്കാട് ബെംഗളൂരു സര്‍വീസിന്റെ ഉദ്ഘാടനവും നഗരസഭാ പരിധിയിലെ കുടുംബശ്രീയുടെ വാര്‍ഷികാഘോഷ പരിപാടിയിലും രാഹുല്‍ പങ്കെടുത്തിരുന്നു.
രാഹുലിനെ ഒളിപ്പിച്ച് രഹസ്യമായാണ് ഒരോ പരിപാടികളിലും കോണ്‍ഗ്രസ് നേതാക്കള്‍ എത്തിക്കുന്നതെന്ന് ഡിവൈഎഫ്‌ഐയുടെയും ബിജെപിയുടെയും പരിഹാസം ഉയര്‍ന്നതോടെ, പരമാവധി പ്രചാരണം നല്‍കി നാളെ രാഹുലിനെ പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് എത്തിക്കാനാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.
എന്നാല്‍ വിവാദങ്ങള്‍ക്ക് വേണ്ടിയല്ല, ജനങ്ങള്‍ ആവശ്യപ്പെട്ടാണ് രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് എന്നാണ് പിരായിരിയിലെ യുഡിഎഫ് നേതാക്കളുടെ പ്രതികരണം. രാഹുലിനെ രഹസ്യമായി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്.