കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. അയച്ച പഴയ മെസേജുകളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. സ്ത്രീകളോട് പരിധിവിട്ട് പെരുമാറുന്ന സ്വഭാവമാണ് രാഹുലിന്റേതെന്നും മാന്യതയുടെ മുഖംമൂടി അണിഞ്ഞ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയെന്നും ജസ്‌ല ഫെയ്‌സ്ബുക്കിൽ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുള്ള കുറിപ്പിൽ വ്യക്തമാക്കി.

ഒരാളുടെ പോക്ക് കണ്ടാൽ അത് ഏതറ്റം വരെ എത്തുമെന്ന് തിരിച്ചറിയാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്നും ‘കോഴികളെ’ കിലോമീറ്ററുകൾ അപ്പുറത്തുനിന്ന് താൻ മണത്തറിയുമെന്നും ജസ്ല കുറിച്ചു. 2017-ലെ ചാറ്റുകളാണ് പുറത്തുവിട്ടത്. ‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’, ‘വാഴക്കാളി’ തുടങ്ങിയ പ്രയോഗങ്ങൾ രാഹുൽ നടത്തിയതായി സ്‌ക്രീൻഷോട്ടുകളിൽ കാണാം. അന്ന് ചാറ്റ് അവിടെവെച്ച് നിർത്തിയത് കൊണ്ടാണ് ഇതിൽ കൂടുതൽ മോശമായത് സംഭവിക്കാതിരുന്നതെന്നും ജസ്ല പറഞ്ഞു.

രാഹുലിന്റെ പീഡന ന്യായീകരണ അഭിമുഖം കണ്ടപ്പോഴാണ് ഇത് പുറത്തുവിടാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ ജസ്‌ല, രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, ‘കുരുപ്പ് പിടിച്ച കോഴിയാണ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.