തിരുവനന്തപുരം: അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ. സമൂഹമാധ്യമങ്ങളിലെ എഴുത്തും ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവുമാണ് കോൺഗ്രസ്‌ പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്. തുടർച്ചയായി ഉണ്ടായ ആരോപണങ്ങൾ ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുന്നതിൽ പോലും വെല്ലുവിളിയാണ്

പത്തനംതിട്ട അടൂരിൽ നിന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കയറിയ രാഷ്ട്രീയ പടവുകൾ ഏറെയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, പാലക്കാട് എംഎൽഎ കേവലം രണ്ട് വർഷം കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ നേടിയ രണ്ട് സുപ്രധാന പദവികൾ. ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിനെ കൈപിടിച്ചു കയറ്റിയത്. വിഡി സതീശൻ പിന്തുണച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഗ്രൂപ്പ് ഏതെന്ന് ചോദിച്ചാൽ ഉമ്മൻ‌ചാണ്ടിയെന്ന് ഉത്തരം. കൂർ എവിടെയെന്ന് ചോദിച്ചാൽ കെസി വേണുഗോപാൽ വരെ നീളും.

പിണറായി വിജയനെ “വിജയൻ” എന്ന് വിളിച്ച്, കോൺഗ്രസ് അണികളെ ഹരം കൊള്ളിച്ചും, ചാനൽ ചർച്ചയിലെ വാദങ്ങളോട് കാച്ചിക്കുറുക്കിയ മറുവാദങ്ങൾ ഉയർത്തിയും, നല്ല കവല പ്രസംഗങ്ങൾ കാഴ്ചവെച്ചുമാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാഹുലിനെ കേരളം ആകെ അറിഞ്ഞത്. പരിഗണിക്കേണ്ട യുവജന നേതാക്കൾ വേറെ ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലും ഷാഫി പറമ്പിൽ മുന്നോട്ടുവച്ച പേര് രാഹുലിന്റേതായിരുന്നു. വ്യാജ ഐഡി കാർഡ് നിർമ്മിച്ച് വോട്ട് ഉണ്ടാക്കിയെന്ന ആരോപണം, സംഘടന തെരഞ്ഞെടുപ്പിൽ നാണക്കേട് ഉണ്ടാക്കി. നേതൃത്വം അപ്പോഴും രാഹുലിനൊപ്പമായിരുന്നു. സെക്രട്ടറിയേറ്റ് വളഞ്ഞ് നടത്തിയ സമരത്തിന്റെ പേരിൽ വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത്, നേതാവിനെ താരമാക്കി.