തിരുവനന്തപുരം: ആരോപണവിധേയനായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് സന്ദീപ് വാര്യരും. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും താൻ കോൺഗ്രസ് നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമണ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. അവർ നിയമപരമായി മുന്നോട്ട് പോകണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർട്ടി എന്തു നിലപാട് സ്വീകരിക്കുന്നോ, അതുതന്നെയാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും നിലപാട്.
രാഷ്ട്രീയ എതിരാളികൾ കോൺഗ്രസിനെ ആക്രമിക്കുന്നതിനു വേണ്ടി ഇതിനെ ഒരു മാർഗമാക്കുകയാണ്. കോൺഗ്രസിനെ ഇതിന്റെ പേരിൽ പൊതുസമൂഹത്തിൽ താറടിച്ച് കാണിക്കാൻ ബിജെപിക്കും സിപിഎമ്മിനും എന്ത് അർഹതയാണുള്ളതെന്നാണ് ജനം ചിന്തിക്കുക. ബിജെപിയുടെ പാർലമെന്ററി ബോർഡിലിരിക്കുന്നത് പോക്സോ കേസ് പ്രതിയാണ്. അദ്ദേഹത്തെ കൈവെള്ളയിൽ വച്ച് സംരക്ഷിക്കുകയാണ് ബിജെപി നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. സിപിഎമ്മും ഇത്തരത്തിൽ ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസ് ഒരിക്കലും അത്തരത്തിലൊരു നിലപാട് സ്വീകരിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ ബിജെപിയുടെ ഭാഗത്തുനിന്നും ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സൂചന നൽകുന്നതാണ് ഇന്നു പുറത്തുവന്ന ശബ്ദരേഖ(അവന്തികയുടെ)യെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപം ഉന്നയിച്ച വ്യക്തിക്ക് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റുമായി ബന്ധമുണ്ട്. ജില്ലാ പ്രസിഡന്റിനെ തനിക്ക് നല്ല പരിചയമുണ്ടെന്നും യുവമോർച്ചയിൽ നിന്ന് എന്ത് സ്വഭാവ സവിശേഷതയുടെ പേരിലാണ് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്നും അന്വേഷിച്ചുകഴിഞ്ഞാൽ ഈ സംശയം കൂടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് വന്നാൽ നേരിട്ട് കാണാമെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് ആർക്കാണ് സന്ദേശം അയച്ചതെന്ന് അദ്ദേഹം തന്നെ പറയട്ടെയെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ രൂപപ്പെട്ടിരുന്നു. ഉന്നതതലത്തിൽ രാഹുലിനെ കൈവിടുന്ന നിലപാടിലേക്കാണ് കോൺഗ്രസ് നീങ്ങിയത്. ഈ നിലപാട് ആവർത്തിക്കുകയാണ് സന്ദീപ് വാര്യരും. എന്നാൽ ഞായറാഴ്ച രാഹുൽ പുറത്തുവിട്ട ശബ്ദസന്ദേശം, ഈ വിഷയത്തിൽ ഒരു ഗൂഢാലോചന നടന്നതിന്റെ സാധ്യതയുടെ സൂചനനൽകുന്നുവെന്ന നിലപാടിലാണ് അദ്ദേഹം.