തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തിക. രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആ​ഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണിത്. ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് പിന്നീട് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.

ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ആരോപണങ്ങളിൽ രാഹുലിന്റെ ഭാ​ഗത്ത് തെറ്റില്ലെങ്കിൽ നീതി പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന് അന്ന് അവന്തിക പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. പഴയ ശബ്ദ സന്ദേശം ഇപ്പോൾ കൊണ്ടുവന്ന് ഒരു വാദം നടത്തേണ്ട ആവശ്യമില്ലെന്ന് അവന്തിക പറഞ്ഞു. ഗൂഢാലോചനയുടെ ഭാ​ഗമാണ് അവന്തികയുടെ ആരോപണം എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്തുകൊണ്ടാണ് ടെല​ഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി രാഹുൽ പറയാത്തതെന്നും താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് അവന്തിക പറയുന്നത്. ആ​ഗസ്റ്റ് ഒന്നിന് മുൻപും നിരന്തരമായി രാഹുലുമായി സംസാരിച്ചിട്ടുണ്ട്. ഈ പഴയ ശബ്ദ സന്ദേശമല്ലാതെ മറ്റുള്ള ചാറ്റുകൾ എന്താണ് രാഹുൽ പരസ്യമാക്കാത്തത്? വാനിഷ് മോഡിലാണ് രാഹുൽ മെസേജ് അയക്കുന്നത്. ഒരിക്കൽ മെസേജുകൾ കണ്ടാൽ പിന്നീട് അത് കാണാൻ കഴിയില്ല. രാഹുൽ ഇപ്പോൾ ശബ്ദ സന്ദേശങ്ങൾ നിരത്തുന്നത് ഈ ധൈര്യത്തിന്റെ പുറത്താണെന്നും അവർ പറഞ്ഞു.

മാധ്യമ പ്രവർത്തകനുമായി ​ഗൂഢാലോചന നടത്തിയതിന്റെ ഭാ​ഗമായാണ് അവന്തിക ആരോപണങ്ങൾ ഉന്നയിച്ചത് എന്നാണ് രാഹുൽ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ, മാധ്യമ പ്രവർത്തകൻ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നെന്നും അതിനുള്ള മറുപടിയാണ് ആ സമയത്ത് നൽകിയതെന്നും അവന്തിക പറഞ്ഞു. അന്ന് അയാളോട് ഒന്നും വെളിപ്പെടുത്താൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് അയാളോട് തന്നെ എല്ലാം വെളിപ്പെടുത്തുകയായിരുന്നു. മാധ്യമ പ്രവർത്തകൻ ഇത്തരത്തിൽ കാര്യങ്ങളറിയാൻ വിളിച്ചതായി അവന്തിക തന്നെയാണ് രാഹുലിനെ അറിയിച്ചത്. അപ്പോഴുണ്ടായിരുന്ന സംഭാഷണമാണ് രാഹുൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതിനുശേഷം ഈ വിഷയത്തെപ്പറ്റി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്നു.