വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. ഇതിൻ്റെ ഭാഗമായി രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടും. പ്രധാനമന്ത്രിക്കെതിരെ “വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക” എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം. ഈ മാസം 22 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രചാരണ റാലികളും സംഘടിപ്പിക്കും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഞായറാഴ്ച മുതൽ തേജസ്വി യാദവിനൊപ്പം രാഹുൽ ഗാന്ധി പര്യടനം നടത്തും. പ്രചാരണ പരിപാടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. അതേസമയം, വയനാട്, റായ്ബറേലി മണ്ഡലങ്ങളിലെ വോട്ടർ പട്ടിക ക്രമക്കേടുകൾ സംബന്ധിച്ച് ബിജെപി ഉന്നയിച്ച ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമാണെന്ന് ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽ ഉന്നയിച്ച രേഖകൾ പരിശോധിച്ചുവരികയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കെ. അൻപുകുമാർ അറിയിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി.